അബുദാബി: വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീകളെ ഉപദ്രവിക്കുന്നവർ (molesting a female by words or acts) ജയിലിലാവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ (UAE Public Prosecution) മുന്നറിയിപ്പ്. പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വഴിയുമൊക്കെയുള്ള (post on social media accounts) ശല്യം ചെയ്യലുകൾ ഇതിന്റെ പരിധിയിൽ വരുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ സംബന്ധിച്ച് അവബോധം പകരുന്നതിനായി സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു മുന്നറിയിപ്പ്.
2021ലെ ഫെഡറൽ നിയമം 31ലെ 412-ാം അനുച്ഛേദം അനുസരിച്ച് സ്‍ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാർക്ക് ഒരു വർഷത്തിൽ കവിയാത്ത ജയിൽ ശിക്ഷയും 10,000 ദിർഹം വരെ പിഴയുമായിരിക്കും ലഭിക്കുക. മോശമായ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീയെ പൊതുനിരത്തിൽ വെച്ചോ അതുപോലുള്ള മറ്റ് സ്ഥലങ്ങളിൽ വെച്ചോ ശല്യം ചെയ്യുന്നവർ ശിക്ഷാർഹരാണ്. സ്‍ത്രീകൾക്കായി മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ സ്‍ത്രീകളുടെ വേഷം ധരിച്ചോ ആൾമാറാട്ടം നടത്തിയോ പ്രവേശിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.