ഒരു ചരിത്ര നിമിഷത്തിനാണ് ചെന്നൈ നഗരം ഇന്ന് സാക്ഷിയായത്. ഇന്നായിരുന്നു ചെന്നൈ കോർപ്പറേഷന്റെ പുതിയ മേയർ തിരഞ്ഞെടുപ്പ്. മേയർ തിരഞ്ഞെടുപ്പ് സാധരണ നടക്കുന്നതല്ലേ അതിൽ എന്താണ് ഇത്ര പ്രത്യേകത എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. എങ്കിൽ അതിലൊരു പ്രത്യേകതയുണ്ട്. പ്രത്യേകതയല്ല അതൊരു ചരിത്ര ദിനം തന്നെയാണ്. ചെന്നൈ കോർപ്പറേഷന്റെ പുതിയ മേയറായി തിരഞ്ഞെടുത്തിരിക്കുന്നത് ആർ പ്രിയ എന്ന ദളിത് യുവതിയെയാണ്. ആദ്യ ദളിത് മേയർ എന്ന പദവി മാത്രമല്ല ഇരുപത്തിയെട്ടുകാരിയായ പ്രിയക്ക് സ്വന്തമാകുന്നത്. 333 വർഷത്തെ പാരമ്പര്യമുള്ള കോർപ്പറേഷന്റെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ എന്ന പദവി കൂടിയാണ്.
മേയർ സ്ഥാനം ദളിത് വനിതയ്‌ക്ക് സംവരണം ചെയ്‌തുകൊണ്ട് തമിഴ്നാട് സർക്കാർ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഉത്തരവിറക്കിയത്. താര ചെറിയാൻ, കാമാക്ഷി ജയരാജൻ എന്നിവർക്ക് ശേഷം ചെന്നൈ കോർപ്പറേഷനിലെ മൂന്നാമത്തെ വനിതാ മേയറാവുകയാണ് പ്രിയ. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ വീണ്ടും അധികാരത്തിലെത്തിയതാണ് രാഷ്ട്രീയത്തോടുള്ള തന്റെ താൽപ്പര്യവും അഭിനിവേശവും വർദ്ധിപ്പിച്ചതെന്ന് പ്രിയ പറയുന്നു. ‘പുതിയ മുഖ്യമന്ത്രിയ്‌ക്ക് നാട്ടിലാകെ ഒരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാകണമെന്ന് എനിക്കും തോന്നി. ജനങ്ങൾ ആഗ്രഹിക്കുന്ന വികസനവും അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കാണുന്ന ഒരു മേയറും ആകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ” പ്രിയ പറഞ്ഞു.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ അതിക്രമങ്ങൾ വളരെ അധികം വർധിച്ചു വരുന്ന ഒരു സമയമാണിത്. ദളിതര്‍ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമങ്ങളും വർധിച്ചു വരുന്നുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാന്‍ പോലും പോകാൻ പറ്റാത്ത തരത്തിലേക്ക് അത് മാറിയിട്ടുണ്ട്. നരേന്ദ്ര മോദി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷ മതസമൂഹങ്ങള്‍ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അഭൂതപൂര്‍വമായ തോതില്‍ വർധിച്ചിരിക്കുകയാണ്.
മോദി അധികാരത്തിലെത്തിയ 2014-ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ വര്‍ധിച്ചതായി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. ഹരിയാനയില്‍ ദളിത് അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ ആക്രമണങ്ങളില്‍ 90 ദളിതര്‍ കൊലചെയ്യപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല. സവര്‍ണജാതിബോധത്തിന് കീഴ്‌പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസും കുറ്റാനേ്വഷണ ഏജന്‍സികളും കൃത്യമായ തെളിവുകളെയോ സാക്ഷികളെയോ കോടതിക്കുമുമ്പില്‍ എത്തിക്കുന്നില്ല എന്നതാണ് വസ്തുത.
1955-ല്‍ ദളിതര്‍ക്കുനേരെയുള്ള അക്രമസംഭവങ്ങളില്‍ കേവലം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്തിപ്പോള്‍ ഇന്ത്യയില്‍ അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014-വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ് സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളില്‍ 47,604 കേസുകള്‍ 2014-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 39,408 കേസുകള്‍ 2013-ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായിട്ടുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014-ല്‍ ഇത് 11,451 ആയി വര്‍ധിച്ചു. ഈ കണക്കുകള്‍ യഥാര്‍ഥത്തില്‍ രാജ്യത്ത് സംഭവിച്ച ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉള്‍പ്പെടുന്നതല്ല. എത്രയോ ദളിത് പീഡനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്.
വിവരവിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പല വിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പുറംലോകം അറിയുന്നില്ല. കാരണം അവിടെ സവര്‍ണ ജാതിക്കാര്‍ പറയുന്നതേ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുള്ളൂ. സവര്‍ണജാതിക്കാര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും പോലീസ് കേസാക്കാറുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് മോദിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹിക ഭ്രഷ്ട് മൂലം നാട് വിട്ടു പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നി പറഞ്ഞാൽ അതിന് ഒരു അവസാനമുണ്ടാകില്ല. അത്രക്ക് അതിക്രമങ്ങൾ നടക്കുന്നുണ്ട് നമ്മുടെ ഈ സമൂഹത്തിൽ. ഈ ഒരു സമയത്ത് ഇത്തരം ഉയർന്ന സ്ഥാനങ്ങളിൽ ദളിതർ ഭരിക്കുന്നത് ഇതിനെല്ലാം ഒരു അവസാനം ആകുന്നതിന്റെ തുടക്കമായേക്കും.
വടക്കൻ ചെന്നൈയിലെ മംഗലപുരം 74ാം വാർഡിൽ നിന്നാണ് പ്രിയ ജയിച്ചത്. ചെന്നൈ കോർപ്പറേഷനിൽ കൗൺസിലർ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാർത്ഥികളിൽ ഒരാളാണ് പ്രിയ. സംസ്ഥാനത്തെ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഐ എമ്മിലെ പ്രിയദർശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. തേനാംപേട്ട 98ാം വാർഡിൽ നിന്നാണ് പ്രിയദർശിനി വിജയിച്ചത്. എന്നാൽ ചെന്നൈ കോർപ്പറേഷനിൽ ഡിഎംകെയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയ എതിരില്ലാതെ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വടക്കൻ ചെന്നൈയിൽ നിന്നും മേയർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും പ്രിയയാണ്. അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ് ഈ പ്രദേശത്ത ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.
കുടിവെള്ളം മുതൽ വൈദ്യുതി, ശുചിത്വം, റോഡ് ഗതാഗതം വരെയുള്ള സൗകര്യങ്ങൾ ഇപ്പോഴും ഇവിടെ കുറവാണ്. ദളിതർ ഏറ്റവും കൂടുതൽ താമസിക്കുന്ന ഇടം എന്നതും ഗുണ്ടകളുടെയിടം എന്നതുമായിരുന്നു എല്ലാകാലത്തും ഈ പ്രദേശത്തിന് ചാർത്തിക്കിട്ടിയ മേൽവിലാസം. അതോടെ, വോട്ട് ചൊദിച്ചെത്തുന്നതിൽ മാത്രമായി ഒതുങ്ങി രാഷ്ട്രീയക്കാരും ഇവിടത്തെ ജനങ്ങളും തമ്മിലുള്ള ബന്ധം. അധികാരികളുടെയോ പാർട്ടിക്കാരുടെയോ ശ്രദ്ധ ഒരിക്കലും ഇവിടേക്ക് എത്തിയിരുന്നുമില്ല. രാത്രികാലങ്ങളിൽ മദ്യവും മയക്കുമരുന്നിന്റെയും ഇടമായി തീർന്നു. അടച്ചുറപ്പില്ലാത്ത കൂരകളും കൂലിത്തല്ലുമെല്ലാം സ്ഥിരം കാഴ്ചകൾ. ഇനി അതിനെല്ലാം ഒരു മാറ്റമുണ്ടാകുമെന്നും വടക്കൻ ചെന്നൈയെ അഴിച്ചുപണിയുമെന്ന ഉറപ്പും പുതിയ മേയർ പങ്കുവെച്ചു.
രാഷ്ട്രീയം പ്രിയയെ സംബന്ധിച്ച് പെട്ടന്നുണ്ടായ ഒന്നല്ല. ചെറുപ്പം മുതലേ രക്തത്തിൽ അലിഞ്ഞതാണ്. പക്ഷേ, രാഷ്ട്രീയത്തേക്കാളും കൂടുതലായി അവൾ ശ്രദ്ധിച്ചിരുന്നത് പഠനകാര്യത്തിലായിരുന്നു. എം കോം ആണ് വിദ്യാഭ്യാസ യോഗ്യത. മുത്തച്‌ഛൻ ചെങ്കൈ ശിവൻ മുൻ എംഎൽഎയുംഅച്‌ഛൻ പെരമ്പൂർ രാജ പാർട്ടി ഏരിയാ സെക്രട്ടറിയുമാണ്. പതിനെട്ട് വയസ് മുതൽ പാർട്ടിയിൽ സജീവ പ്രവർത്തകയാണെങ്കിലും പ്രിയക്ക് കിട്ടുന്ന ആദ്യ ഔദ്യോഗിക പദവി ഇതാണ്. യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടത് അത്യാവശ്യമാണെന്ന പക്ഷക്കാരിയാണ് അവർ. ‘പുതിയ ആശയങ്ങളും പുതിയ ഊർജവും യുവാക്കളിൽ ഉണ്ടാകും. അവർക്ക് കാര്യങ്ങൾ കാണാൻ പുതിയ വഴികൾ ഉണ്ടാകും. ഇത് നാടിന് ആവശ്യമാണ്. അവരുടെ മുൻഗണനകൾ എല്ലായ്‌പ്പോഴും സേവനത്തിലും ജനങ്ങളിലും തന്നെ നിലനിൽക്കുമെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
മേയറായതോടെ പ്രദേശവാസികളെല്ലാം തങ്ങളുടെ പ്രശ്നങ്ങൾ പറയാനായി പ്രിയയ്‌ക്ക് അരികിലേക്കെത്തുകയാണ്. വേനൽക്കാലം കടുക്കുന്നതോടെ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്നുവെന്നതാണ് ഏറെപ്പേരും പരാതി പറയുന്നത്. ലോറികളിൽ കൊണ്ടു വരുന്ന വെള്ളം കിലോമീറ്ററുകൾ താണ്ടി വേണം തങ്ങളുടെ പ്രദേശത്ത് എത്തിക്കാൻ. അവിടെ വരെ ഓട്ടോയിൽ പോകാൻ തന്നെ വേണം 100 രൂപ. പ്രദേശവാസിയായ അമു പറയുന്നു. നിരവധി കുഞ്ഞുങ്ങളുള്ള ഈ പ്രദേശത്ത് ഡ്രെയിനേജ് പ്രശ്‌നങ്ങളും രൂക്ഷമാണ്. കൊതുകിന്റെ ശല്യം പകൽ സമയത്ത് പോലും കടുപ്പമാണെന്നും അവർ പരാതി പറയുന്നു. എല്ലാം സശ്രദ്ധം കേട്ട ശേഷം എല്ലാത്തിനും വേണ്ട പരിഹാരം ചെയ്യാമെന്ന് ഓരോരുത്തർക്കും സ്നേഹത്തിൽ ചാലിച്ച ഉറപ്പ് പ്രിയ നൽകുന്നു. കൂട്ടത്തിലൊരാൾ അധികാരത്തിലെത്തുമ്പോൾ തങ്ങളുടെ നാടും വികസിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയയുടെ നാട്ടുകാർ.