ഭൂമി മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവകാശപ്പെട്ടത്, ഇന്ന് ലോക വന്യജീവി ദിനം

ഇന്ന് മാർച്ച് മൂന്ന് ലോക വന്യജീവി ദിനം. എല്ലാ വര്‍ഷവും ലോക വന്യജീവി ദിനം ഈ ദിവസം ആചരിക്കാറുണ്ട്. ജീവന്റെയും ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഓര്‍മിപ്പിക്കലാണ് ഈ ദിവസം. ഈ ഭൂമി മനുഷ്യരുടേത് മാത്രമല്ല മൃഗങ്ങളുടെ കൂടിയാണെന്ന് എല്ലാവരും മനസിലാക്കേണ്ട ദിവസം. 2022 ലെ ലോക വന്യജീവി ദിനത്തെക്കുറിച്ചും ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇന്ന് നമുക്കൊന്ന് പരിശോധിക്കാം. 

വന്യജീവികളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും മാർച്ച് മൂന്നിന് ഈ ലോക വന്യജീവി ദിനം ആചരിക്കുന്നു. 2022ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം ‘ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ജീവികളെ വീണ്ടെടുക്കല്‍’ എന്നതാണ്. വംശനാശഭീഷണി നേരിടുന്ന ചില വന്യജീവികളുടെയും സസ്യജാലങ്ങളുടെയും സംരക്ഷണ നിലയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്. വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള പരിഹാരങ്ങള്‍ സങ്കല്‍പ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലേക്ക് ചര്‍ച്ചയെ നയിക്കാനാണിത്. 

2013 ഡിസംബര്‍ 20-ന് യുഎന്‍ ജനറല്‍ അസംബ്ലി, അതിന്റെ 68-ാമത് സെഷനില്‍, ആണ് വന്യജീവി ദിനം എന്നതിന് തുടക്കം കുറിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും ജന്തുജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷന്‍ അംഗീകരിച്ച ദിവസമായ മാർച്ച് മൂന്ന് ലോക വന്യജീവി ദിനമായി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വന്യജീവികള്‍ക്കായി സമര്‍പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള വാര്‍ഷിക പരിപാടികളിലൊന്നായി ഈ ദിവസം മാറിയിരിക്കുന്നു. 

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഗോള തലത്തിൽ പുറത്തിറക്കുന്ന പട്ടികയാണ് ചെമ്പട്ടിക അഥവാ റെഡ് ലിസ്റ്റ്. പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് എന്ന സംഘടനയാണ് പട്ടിക പുറത്തിറക്കുന്നത്. 1964 മുതല്‍ റെഡ് ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്. ഓരോ ജീവിയെയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടികയിൽ തരംതിരിച്ചിട്ടുള്ളത്. വേണ്ടത്ര പഠനം നടക്കാത്ത ജീവിവര്‍ഗ്ഗങ്ങള്‍, വസ്തുതകള്‍ അവ്യക്തമായ സ്പീഷീസുകള്‍, ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയിലുള്ള ജീവികള്‍, സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ സാധ്യതയുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍, ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ, ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിച്ച ജീവികള്‍, വംശനാശം സംഭവിച്ച ജീവികള്‍ എന്നിങ്ങനെയാണ് അവ. 

ലോകത്ത് 80 ലക്ഷം തരം സസ്യജീവിവര്‍ഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ പത്തുലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, സമുദ്രങ്ങളില്‍ രാസമാലിന്യം കലരുന്നത്, കാട്ടുതീ, അനിയന്ത്രിത വേട്ടയാടല്‍ എന്നിങ്ങനെ നീളുന്നു ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങള്‍. ചെമ്പട്ടികയിലെ പുതിയ കണക്ക് പ്രകാരം ഇന്ത്യയില്‍ 93 ഇനം സസ്തനികള്‍, 93 ഇനം പക്ഷികള്‍, 54 ഉരഗ സ്പീഷീസുകള്‍ 75 ഉഭയജീവിവര്‍ഗ്ഗങ്ങള്‍ 235 മത്സ്യ സ്പീഷീസുകള്‍, 7 ഇനം മൊളസ്‌കുകള്‍, 131 ഇനം മറ്റ് നട്ടെല്ലില്ലാത്ത ജീവികള്‍, രണ്ടിനം ഫംഗസുകള്‍, 428 ഇനം സസ്യങ്ങള്‍ തുടങ്ങി 1118 ഇനം ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍ 90 ജന്തുഇനങ്ങളേയും 86 സസ്യഇനങ്ങളേയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായും 212 ജന്തുഇനങ്ങളേയും 189 സസ്യഇനങ്ങളേയും ഒരിനം ഫംഗസ് സ്പീഷീസിനേയും വംശനാശഭീഷണി നേരിടുന്നവയായും ആണ് കണക്കാക്കിയിരിക്കുന്നത്.ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, സിംഹവാലന്‍ കുരങ്ങ്, ഇന്ത്യന്‍ കാട്ടുപോത്ത്, സ്പൂണ്‍ ബില്‍ഡ് സാന്‍ഡ്‌പൈപ്പര്‍ എന്ന പക്ഷി എന്നിവ ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.

കേരളത്തിലും പശ്ചിമ ഘട്ടത്തിലുമായി കാണപ്പെടുന്ന 1850 നട്ടെല്ലുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ 205 സ്പീഷീസുകള്‍, അതായത് ഏകദേശം 11 ശതമാനം വംശനാശ ഭീഷണിയിലാണ്. ഇതില്‍ 23 ഇനങ്ങള്‍ തീവ്രമായ വംശനാശ ഭീഷണി നേരിടുന്നു. 90 എണ്ണം വംശനാശ ഭീഷണിയിലാണ്. 92 എണ്ണം വംശനാശം നേരിടാന്‍ സാധ്യതയുള്ള ഗണത്തില്‍പ്പെടുന്നു. 98 ശതമാനം മത്സ്യങ്ങളും 87 ശതമാനം ഉഭയജീവികളും ഇന്ത്യന്‍ വന്യജീവി നിയമം (1972) ല്‍ ഒരു പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, ഇന്ത്യയിൽ സുപ്രധാന വന്യജീവി സംരക്ഷണ പദ്ധതികള്‍ നിരവതിയാണ്. 

1970ലാണ് രാജ്യത്ത് കടുവാവേട്ട നിരോധിക്കുന്നത്. പിന്നാലെ 1973ലാണ് പ്രോജക്ട് ടൈഗര്‍ എന്നപേരില്‍ കടുവകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നത്. 1936ല്‍ രൂപീകൃതമായ രാജ്യത്തെ ആദ്യ കടുവാസംരക്ഷണ കേന്ദ്രമായ ഹെയിലി നാഷനല്‍പാര്‍ക്കിനെ ജിംകോര്‍ബറ്റ് നാഷനല്‍ പാര്‍ക്ക് എന്ന പേര് നല്‍കി പുനരുജ്ജീവിച്ചതും പിന്നാലെ 17ലധികം പ്രദേശങ്ങളിലായി 47 കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ടാക്കിയതും പദ്ധതിയുടെ ഭാഗമായിട്ടാണ്. കടുവയുടെ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി വളരെയേറേ സഹായിച്ചു. 2016ലെ കണക്കനുസരിച്ച് ഇന്ത്യയിലെ വനങ്ങളില്‍ 2500കടുവകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസംരക്ഷണ കേന്ദ്രമാണ് ആന്ധ്രാപ്രദേശിലെ നാഗാര്‍ജ്ജുന്‍ സാഗര്‍ ടൈഗര്‍ റിസര്‍വ്. ഏറ്റവും ചെറിയ സംരക്ഷണമേഖല മഹാരാഷ്ട്രയിലെ പെഞ്ചാണ്.

ആനകളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി 1992ലാണ് ആന സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ആസ്സാം, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, കേരള, മേഘാലയ, നാഗാലാന്റ്, ഒറീസ്സ, തമിഴ്‌നാട്, ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യമായി നിലവില്‍ വന്നത്. ആന സംരക്ഷണത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുക, അവ വസിക്കുന്ന പ്രദേശങ്ങളും സഞ്ചാരമാര്‍ഗ്ഗ(ആനത്താര)ങ്ങളും സംരക്ഷിക്കുക, കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ പദ്ധതി രൂപികരിക്കുക, ആനയുടെ ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. തത്ഫലമായി ഇന്ന് 60000 ചതുരശ്ര കി.മീറ്ററില്‍ കൂടുതല്‍ വ്യാപിച്ചുകിടക്കുന്ന 26 ആന സംരക്ഷണകേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്. 2005ല്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് 88 ആനത്താരകളുണ്ടെന്നാണ് കണ്ടെത്തിയത്. 2015ല്‍ അത് 101 ആയി. കേരളത്തില്‍ 12 ആനത്താരകളുണ്ടെന്നാണ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നത്.

മുതലകളുടെ സംരക്ഷണത്തിനായി 1974ല്‍ ആരംഭിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി 16 മുതല പുനരധിവാസ കേന്ദ്രങ്ങളും 11 മുതല സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചു. മഗര്‍ മുതല, അഴിമുതല എന്നീ രണ്ടിനമാണ് ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്നത്. മഗര്‍ മുതല രാജ്യത്തെ എല്ലാ പ്രധാന നദികളിലും അഴിമുതല കന്യാകുമാരി തീരം തുടങ്ങി വടക്കോട്ട് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളിലും ഗംഗ ഡെല്‍റ്റാ പ്രദേശത്തുമാണുള്ളത്.ഏഴു മീറ്ററിലധികം നീളവും ഒരു ടണ്‍ വരെ ഭാരം വരുന്നവയുമാണ് അഴിമുതല. കേരളത്തില്‍ നെയ്യാര്‍ ഡാം, പറമ്പിക്കുളം, പെരിയാര്‍, ചാലക്കുടിപ്പുഴ എന്നിവിടങ്ങളില്‍ അഴിമുതല കാണപ്പെടുന്നു.

1999 നവംബറില്‍ ഒലിവ് റിഡ്ലി കടലാമകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡെറാഡൂണിലെ വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ -യുഎന്‍ഡിപിയുമായി സഹകരിച്ച് ആരംഭിച്ചതാണ് കടലാമ പദ്ധതി. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ വസിക്കുന്ന കടലാമകളിലെ കുഞ്ഞന്‍ ആമകളാണിവ. ഒരു മീറ്റര്‍ നീളമുള്ള പുറന്തോട് പേറുന്ന ഇവര്‍ക്ക് ഏകദേശം 150 കിലോഗ്രാം ഭാരമുണ്ടാകും. പുറന്തോടിന് ഒലിവിലയുടെ പച്ച കലര്‍ന്ന തവിട്ടു നിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ് കാണുക. ഒലീവ് റിഡ്‌ലി ആമകളുടെ 50 ശതമാനവും മുട്ടയിടാന്‍ ഒഡീഷ തീരത്താണ് എത്തുന്നത്. കഴുകന്‍ സംരക്ഷണം, ഇന്ത്യ റിനോ വിഷന്‍ 2020 എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.