മാവേലിക്കര: ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വയോധിക ദമ്പതിമാരെ ബംഗ്ലാദേശ് സ്വദേശികൾ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്നു മാവേലിക്കര അഡി. ജില്ലാക്കോടതി രണ്ട് കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ(കുഞ്ഞുമോൻ- 76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ(ലില്ലി- 68) എന്നിവരെ 2019 നവംബർ 11-നാണ് ബംഗ്ലാദേശ് സ്വദേശികളായ ലബ്ലു ഹസൻ(39), ജൂവൽ ഹസൻ(24) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.കൊലനടത്തി 45 പവൻ സ്വർണാഭരണങ്ങളും 17,338 രൂപയും കവർന്ന്, കേരളംവിട്ട പ്രതികളെ നവംബർ 13-ന് വിശാഖപട്ടണം റെയിൽവേസ്റ്റേഷനിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
302, 449, 374, 379 വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി ജഡ്ജി കെന്നത്ത് ജോർജ് വ്യക്തമാക്കി.വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതിഭാഗത്തുനിന്നു രണ്ട് സാക്ഷികളെയടക്കം 62 സാക്ഷികളെ വിസ്തരിച്ച കേസിൽ 103 തൊണ്ടിമുതലും 80 രേഖകളും ഹാജരാക്കി. വിശാഖപട്ടണം ആർ.പി.എഫി.ലെ അഞ്ചുപേരും ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സ്വദേശികളും സാക്ഷികളായി. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. സോളമൻ, സരുൺ കെ.ഇടിക്കുള എന്നിവർ ഹാജരായി.
ചെങ്ങന്നൂർ ഇൻസ്പെക്ടർ ആയിരുന്ന സുധിലാലിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല.ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ, ഭാര്യയും രണ്ടുപെൺമക്കളും പ്രായമായ അമ്മയുമുണ്ടെന്ന് ഒന്നാംപ്രതി ലബ്ലു ഹസൻ കോടതിമുൻപാകെ പറഞ്ഞു. രണ്ടുസഹോദരിമാരും അച്ഛനും അമ്മയുമുണ്ടെന്നും അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു രണ്ടാംപ്രതി ജൂവൽ ഹസന്റെ പ്രതികരണം.കൊല്ലപ്പെട്ട ചെറിയാന്റെയും ഏലിക്കുട്ടിയുടെയും മകൻ ബിപു ചെറിയാൻ, ഏലിക്കുട്ടിയുടെ സഹോദരി ഗ്രേസി മാത്യു, ബിപുവിന്റെ സഹോദരിയുടെ മകൾ സ്‌നേഹ, മറ്റുബന്ധുക്കൾ എന്നിവരും കോടതിയിലെത്തിയിരുന്നു.