കെജിബി അഥവാ ‘കൊമിതെ ഗോസുദാഴ്സ് ത്വെനോയ് ബെജോപസ് നോസ്തി’. പേര് പറയാനുള്ള ബുദ്ധിമുട്ടുപോലെ തന്നെ ഇവയെ കുറിച്ച് അറിയാനും ഏറെ പ്രയാസമുള്ളതാണ്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബി ലോകം കണ്ട കുപ്രസിദ്ധമായ ചാരക്കണ്ണുകളുടെ മറ്റൊരു പേരാണ്. ‘കെജിബി’ എന്ന ഈ മൂന്നക്ഷരങ്ങളിലായിരുന്നു സോവിയറ്റ് യൂണിയന്റെ അചഞ്ചലമായ വിശ്വാസം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കെജിബിയുടെ കഴുകൻകണ്ണുകളിൽ ഒരിക്കലെങ്കിലും പെട്ടുപോയവരാണ്.
1954-ൽ സ്ഥാപിതമായതാണ് കെജിബി. പ്രഭുക്കന്മാരും ബൂർഷ്വാസിയും പുരോഹിതന്മാരും ഉൾപ്പെടുന്ന ഭരണകൂടത്തിൽ ശത്രുവാര്, മിത്രമാര് എന്ന് തിരിച്ചറിയാൻ കഴിയാത്തകാലത്ത് ഒരു രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യം ഭരണകൂടത്തിന് ആവശ്യമാണെന്ന് ബോധ്യപ്പെട്ടു. കലാപങ്ങളുടെയും അട്ടിമറികളുടെയും പ്രഭവകേന്ദ്രങ്ങളെ കണ്ടെത്താൻ രൂപം കൊണ്ട ഈ രഹസ്യാന്വേഷണ വിഭാഗം പിന്നീട് കെജിബിയെന്ന പേരിൽ ലോകംകണ്ട കുപ്രസിദ്ധ ചാരസംഘടനയായി മാറി. ആദ്യകാലത്ത് എൻകെഡിവി, എംജിബി എന്നീ രഹസ്യാന്വേഷണ വിഭാഗം നടപ്പാക്കി. അവയുടെ കാലോചിതമായ പുനക്രമീകരണങ്ങളിൽ 1954 മാർച്ചിൽ ഇവാൻ സെറോവിന്റെ കീഴിൽ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയുടെ രൂപീകരണത്തിന് കാരണമായി.
കേവലം ചാരപ്രവർത്തനം മാത്രമായിരുന്നില്ല, രാജ്യസുരക്ഷ, വിദേശരഹസ്യാന്വേഷണം, രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണം, അതിർത്തി സൈനികരുടെ മേൽനോട്ടം, ജനസംഖ്യ നിരീക്ഷണം തുടങ്ങി ഒരു രാജ്യത്തിന്റെ സർവ്വതും കെജിബിയിൽ ഉൾപ്പെട്ടിരുന്നു. ജെറ്റ് പ്രൊപ്പൽഷൻ, റഡാർ, എൻക്രിപ്ഷൻ എന്നിവയിലെ പുരോഗതിയെക്കുറിച്ചുള്ള ശാസ്ത്രീയവും സാങ്കേതികവുമായ രഹസ്യവിവരങ്ങൾ ചോർത്തുന്നതിൽ കെജിബിയുടെ ചാരപ്രവർത്തനം വിജയിച്ചു. ഗോർബച്ചേവ് 1991 ഡിസംബർ മൂന്നിന് കെജിബിയെ പിരിച്ചു വിടുംവരെ സോവ്യയറ്റ് യൂണിയന്റെ തലവര നിശ്ചയിച്ചത് കെജിബി ആയിരുന്നു. ഇത് പിരിച്ചു വിട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടെങ്കിലും റഷ്യയുടെ ഞരമ്പിൽ തിളയ്ക്കുന്നത് കെജിബിയുടെ ചോര തന്നെയാണ്. കാരണം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരിക്കൽ കെജിയുടെ തലവനായിരുന്നു.
1975ൽ ലെനിൽഗ്രാഡ് സ്റ്റേറ്റ്യൂണിവേഴ്സിറ്റിയിൽ നി്ന്നും നിയമബിരുദം നേടി പുടിൻ നേരെ പോയത് കെജിബിയിലേക്കാണ്. ചടുലമായ ചിന്തകളിലൂടെ ചാരൻമാരെ സൃഷ്ടിച്ച കെജിബിയിലേക്ക് വിദേശചാരൻമാരെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലേക്കാണ് ആദ്യം വ്ളാഡിമിർ പുടിൻ നിയമിതനായത്. ഇത് അദ്ദേഹത്തിന്റെ മിടുക്കിനുള്ള ആദ്യ സാക്ഷ്യമായിരുന്നു. പിന്നീട് 1991ൽ പിരിച്ചുവിടുംവരെയുള്ള 15 വർഷക്കാലം കെജിബിയിൽ പ്രവർത്തിച്ച പുടിൻ കേണലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നത്. ഈ കാലഘട്ടത്തിൽ അച്ചടക്കവും സത്യസന്ധതയുമുള്ളയാളായാണ് പുടിൻ അറിയപ്പെടുന്നത്. പിന്നീട് റഷ്യയെ മാറ്റിമറിക്കാൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ശേഷം എട്ട് വർഷത്തിനകം പുട്ടിൻ റഷ്യയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തി. പ്രധാനമന്ത്രിയായും പ്രസിഡന്റുമായും അദ്ദേഹം ജീവിച്ചു.
യുഎന്നും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ എല്ലാം റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ എതിർത്തപ്പോഴും ഒരു മൂന്നാംലോക മഹായുദ്ധം തന്നെ സംഭവിച്ചാലും യുക്രെയ്ൻ ആക്രമണത്തിൽ നിന്ന് അണുവിട പിന്നാക്കം പോകില്ലെന്ന് പുടിൻ തീരുമാനിച്ചതും ഈ ചാരക്കാലത്ത് നേടിയ ആത്മവിശ്വാസമാണ്. എവിടെ നിന്ന് നിങ്ങൾ ഒരു ചെറുവിരൽ അനക്കിയാലും അറിയുമെന്ന ആത്മവിശ്വാസം. അതേസമയം, റഷ്യ ഉക്രൈൻ യുദ്ധം ഇപ്പോൾ ശക്തമായിരിക്കുകയാണ്. ഇരു വിഭാഗത്തും കനത്ത നാശം വിതച്ച് യുദ്ധം ഏഴാ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ ആറായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്കി പറഞ്ഞു. ഇന്ന് ഖാർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. യുദ്ധം ഈ രീതിയിൽ മുന്നോട്ട് പോയാൽ ഇനിയും മനുഷ്യ ജീവനുകൾ കൊഴിഞ്ഞു പോയികൊണ്ടിരിക്കും.