അമ്പലപ്പുഴ: അമ്പലപ്പുഴയിൽ തീപിടിത്തത്തിൽ അഞ്ച് കടമുറി കത്തി നശിച്ചു. 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച പുലർച്ചയാണ് കച്ചേരിമുക്കിന് തെക്കുകിഴക്കായി പ്രവർത്തിക്കുന്ന ബിജി ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. കുന്നുപറമ്പ് ചന്ദ്രൻറെ ചന്ദ്രാ ടെയ്ലേഴ്സ്, തോട്ടപ്പള്ളി ശ്രീമംഗലം രമേശിൻറെ അലൻ ബേക്കറി, കോമന പുതുപ്പറമ്പ് വിജയൻറെ വിനായക പൂജ സ്റ്റോഴ്സ്, റാണി നിവാസിൽ ഷാജിയുടെ കണ്ണൻ മെഡിക്കൽ സ്റ്റോർ എന്നിവയാണ് കത്തിനശിച്ചത്. ഒരു മണിക്കൂറോളം കത്തിയതായി അലൻ ബേക്കറിയുടമ രമേശൻ പറഞ്ഞു. തയ്യൽക്കടയിലാണ് ആദ്യം തീ കണ്ടത്. ഇവിടെനിന്ന് മേൽക്കൂര വഴി മറ്റ് കടകളിലേക്കും പടരുകയായിരുന്നു.
അഞ്ച് മുറിയിലായാണ് നാല് സ്ഥാപനവും പ്രവർത്തിച്ചിരുന്നത്. റഫ്രിജറേറ്ററുകൾ, ഇൻവെർട്ടറുകൾ, ഫാനുകൾ, ഷെൽഫ്, റാക്കുകൾ, ഏഴ് ആധുനിക തയ്യൽ മെഷീൻ തുടങ്ങിയവയടക്കം കടകളിലെ എല്ലാ സാധനങ്ങളും പൂർണമായി കത്തിനശിച്ചു.
ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂനിറ്റും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്. ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുടങ്ങിയ വൈദ്യുതി അൽപസമയം കഴിഞ്ഞ് എത്തിയപ്പോൾ തീ പിടിക്കുകയായിരുന്നെന്നാണ് കെട്ടിട ഉടമ ബിജി പറഞ്ഞത്.
ആലപ്പുഴ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വാലന്റയിൻ, സീനിയർ ഓഫിസർമാരായ ജയസിംഹൻ, ഓമനക്കുട്ടൻ, കുഞ്ഞുമോൻ, സന്തോഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാജേഷ്, കണ്ണൻ, സുധീർ, സാനീഷ് മോൻ, ശ്രീജിത്ത്, വിജയ്, ഷൈജു, സജേഷ്, മനോജ്, അനീഷ്, പ്രശാന്ത്, കെ.എസ്. ആന്റണി, അൻവിൻ, പി. മനോജ്, സജി, ശശികുമാർ, സന്തോഷ്, അരുൺ, ബിജുകുമാർ, ബൈജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.