സിപിഐമ്മിലെ 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് കൊടിയുയർന്നു കഴിഞ്ഞു. വളരെ ആർഭാടത്തോടെയും ആഘോഷത്തോടെയുമാണ് ഇത്തവണ സംസ്ഥാന സമ്മേളനം നടത്തുന്നത്. കോവിഡിന്റെ ഭീക്ഷണി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയുള്ള ആഘോഷങ്ങളാണ് ഈ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറിയതും അരങ്ങേറിക്കൊണ്ടിരിക്കുന്നതും. ഏതാനും ദിവസങ്ങൾക്കു മുൻപ് സംസ്ഥാന സർക്കാർ നൽകിയ വലിയ കോവിഡ് ഇളവുകൾ സമ്മേളനത്തിന് ആശ്വസമാകും.
പാർട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടി സംഘടനയിൽ വിഭാഗീയതയുടെ ചെറു തരിപോലുമില്ല എന്നുള്ളതാണ് വാസ്തവം. കഴിഞ്ഞ സമ്മേളനത്തോടെ പാർട്ടിയുടെ സംഘടന സംവിധാനം മുഴുവൻ പിണറായിയുടെ കൈകളിൽ എത്തികഴിഞ്ഞു. പ്രതിസ്വരങ്ങളോ പ്രതിശബ്ദങ്ങളോ സംഘടനക്ക് ഉള്ളിൽ നിന്നും ഉണ്ടായിട്ടില്ല. സംഘടന മാത്രമല്ല ഭരണ നേതൃത്വവും പിണറായിയുടെ കയ്യിൽ തന്നെയായി. പലപ്പോഴും പാർട്ടി സംവിധാനങ്ങളെ മറികടന്ന് കൊണ്ടാണ് പിണറായി വിജയൻ പല ഭരണ തീരുമാനങ്ങളും എടുത്തത് എന്ന് വിമർശകർ ചൂണ്ടിക്കാട്ടാറുണ്ട്. പക്ഷെ അതൊന്നും പിണറായി വിജയൻ പരിഗണിച്ചതേയില്ല. അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ഭരണ ശൈലിയിലൂടെ മുന്നോട്ടു പോകുകയാണിത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും പിണറായിയുടെ അപ്രമാദിത്യം നാം കണ്ടതാണ്. വളരെ സീനിയറായ നിരവധി നേതാക്കൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയില്ല.അവരെയൊക്കെ നിഷ്കരുണം ഒഴിവാക്കുകയാണ് ചെയ്തത്. എന്നാൽ അവരൊന്നും പരസ്യ പ്രതികരണത്തിന് ഒരിക്കലും തയ്യാറായില്ല. അകത്ത് മുറിവുകൾ ഉണ്ടെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടു.
പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനും ഭരണാധികാരിക്കും വലിയ വിജയം കൊയ്യാനാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സാധിച്ചത് . രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പോലും പിണറായിയുടെ താല്പര്യത്തിനാണ് മുൻതൂക്കം ഉണ്ടായത്. ഇങ്ങനെ പാർട്ടിയും ഭരണവും പൂർണമായി കയ്യടക്കികൊണ്ടാണ് ഈ സമ്മേളനത്തെ പിണറായി വിജയൻ നേരിടുന്നത്. ഈ സമ്മേളനത്തിലും സംഘടന ചർച്ചകളിലോ പുതിയ നേതൃത്വത്തിന്റെ തെരെഞ്ഞെടുപ്പിലോ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയില്ല. എന്നാൽ പാർട്ടിയുടെ വിമർശകർ ഈ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സംശയത്തോടെ ആണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാനും ആദർശങ്ങളെയും മൂല്യങ്ങളെയും കയ്യൊഴിയാനുമാണ് പുതിയ നേതൃത്വം ശ്രെമിക്കുന്നതെന്ന് അവർ പറയുന്നു. അതുപോലെ സ്വകാര്യ മൂലധന നിക്ഷേപത്തിന് വലിയ പ്രോത്സാഹനമാണ് ഭരണ നേതൃത്വം കൊടുക്കുന്നത്. മുതലാളിത്വത്തിന്റെ ആധുനിക ഭൂമിയിലേക്കാണ് മാർക്സിസ്റ്റ് പാർട്ടി എത്തികൊണ്ടിരിക്കുന്നതെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യം, വ്യവസായം, ടൂറിസം ഉൾപ്പടെയുള്ള എല്ലാ മേഖലകളെയും സ്വകാര്യവത്കരിച്ചു കൊണ്ട് മുതലാളിത്ത സാമ്പത്തിക പരിപ്രേക്ഷ്യത്തിലേക്ക് പാർട്ടി എത്തിപെടുകയാണ്. ഈ സംസ്ഥാന സമ്മേളനത്തോടെ അതിനു കൂടുതൽ ഊർജവും ശക്തിയും ലഭിക്കുമെന്ന് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നു. ഇടതുപക്ഷം വലതുപക്ഷമാകുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇതിലൂടെ ഉരുത്തിരിയുന്നത്. ഇന്ന് പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരള നയരേഖയെ എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സമ്മേളനത്തിന്റെ വരുദിവസ ചർച്ചകൾക്കായി നമുക്ക് കാത്തിരിക്കാം.