എലവഞ്ചേരി: ചൂട് കനത്തതോടെ പച്ചക്കറി കർഷകർ നെട്ടോട്ടത്തിൽ. വിഷു വിപണി ലക്ഷ്യമാക്കി വിത്തിറക്കിയ കർഷകരാണ് ദുരിതത്തിലായത്. എലവഞ്ചേരി, വിത്തലശ്ശേരി, മുതലമട, കൊല്ലങ്കോട് എന്നിവിടങ്ങളിൽ 200 ഏക്കറിലാണ് വെള്ളരി, വെണ്ട, ഇളവൻ എന്നിവ വിത്തിറക്കിയത്.
കഴിഞ്ഞ ഒരാഴ്ചയായി അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ വിത്തുവിതച്ച് മുളവന്ന ചെടികളെ സംരക്ഷിക്കാൻ ഓടി നടക്കുകയാണ് കർഷകർ. പന്തൽ നിർമിച്ചും ഇലകൾ കൊണ്ട് തണലൊരുക്കിയും ചെടികളെ ഉണങ്ങാതെ സംരക്ഷിക്കാനുള്ള തിരക്കിലാണ് കർഷകർ. കൂടാതെ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുമായി പച്ചക്കറി കൃഷി ചെയ്യാനിറങ്ങിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും തൈകളെ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ്. ഇതേ ചൂട് തുടർന്നാൽ വിഷു വിപണിക്കുള്ള പച്ചക്കറി ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.