മോസ്കോ:റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ മാദ്ധ്യമങ്ങൾക്ക് മോണിറ്റൈസേഷൻ നൽകുന്നത് നിർത്തലാക്കി യൂട്യൂബും. നേരത്തെ മെറ്റ കമ്പനി ഫേസ്ബുക്കിൽ നിന്നുള്ള മോണിറ്റൈസേഷൻ നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ ഔട്ട്ലെറ്റ് ആർ.ടിക്കും മറ്റ് റഷ്യൻ ചാനലുകൾക്കും ലഭിക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനമാണ് യൂട്യൂബ് നിർത്തലാക്കിയത്.
മോണിറ്റൈസേഷൻ വിലക്ക് ലഭിച്ച യൂട്യൂബ് ചാനലുകളിൽ നിന്നുള്ള വീഡിയോകൾ ഇനിമുതൽ റെക്കമൻഡ് ചെയ്യപ്പെടുന്നതും കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. യൂട്യൂബിന്റെ വക്താവ് ഫർഷാദ് ഷാദ്ലൂവാണ് ഇക്കാര്യം അറിയിച്ചത്. ആർടിയുടേയും മറ്റ് നിരവധി റഷ്യൻ ചാനലുകളുടേയും വീഡിയോകൾ ഇനിമുതൽ യുക്രെയ്നിൽ ലഭ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി.