യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ.വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ (russia)മിസൈൽ ആക്രമണം നടത്തി.യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.
യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്ഫോടനങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നത്. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരമധ്യത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്ഫോടനം പ്രാദേശിക സമയം പുലർച്ചെ 1 മണിക്ക് പടിഞ്ഞാറൻ കീവിൽ റിപ്പോർട്ട് ചെയ്തു.
അതിനിടെ, യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ യുഎസും അൽബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്സി) യോഗം വിളിച്ചതായി റിപ്പോർട്ട്. യുഎസും അൽബേനിയയും റഷ്യൻ അധിനിവേശത്തിനെതിരെ പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം അംഗീകരിക്കുന്നതിനാണ് പുതിയ നീക്കം.