പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് (sexual abuse) ഇരയാക്കിയ കേസിൽ 49-കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങളെയാണ് പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ (POCSO case) അറസ്റ്റ് ചെയ്തത്. 2021 ഡിസംബറിലാണ് സംഭവം നടന്നത്. മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഷറഫുദ്ദീൻ പ്രതിയാണ്.
ഷറഫുദ്ദീൻ പതിനാലുകാരനെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഷറഫുദ്ദീൻ കുട്ടിക്ക് 50 രൂപ നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈൽഡ് ലൈൻ മുഖേനെയാണ് പൊലീസ് വിവരമറിഞ്ഞത്. കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. റഫീഖ്, എസ്.ഐ.മാരായ ഇ.എ. അരവിന്ദൻ, കെ. തുളസി, എ.എസ്.ഐ. സെബാസ്റ്റ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അസ്മാബി, സിവിൽ സിവിൽ പോലീസ് ഓഫീസർമാരായ ഒ. ശശി, സി.പി. അനീഷ്, അഷ്‌റഫ്, ഷബീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.