ദുബായ്∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പ്രദർശന മേളയായ 28ാമത് ദുബായ് രാജ്യാന്തര ബോട്ട് ഷോ മാർച്ച് 9 മുതൽ 13 വരെ ദുബായ് ഹാർബറിൽ നടക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതിയ വേദിയിൽ നടക്കുന്ന മേളയിൽ 400ൽ ഏറെ ബോട്ടുകൾ, യോട്ടുകൾ, പായ് വഞ്ചികൾ, മറ്റ് ജലയാനങ്ങൾ എന്നിവയുമായി രാജ്യാന്തര കമ്പനികൾ പങ്കെടുക്കും.
നൂതന സാങ്കേതിക വിദ്യകളുള്ള കൂടുതൽ മോഡലുകൾ ഇത്തവണയുണ്ടാകുമെന്നു ട്രേഡ് സെന്റർ ഇവന്റ്സ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രിക്സി ലോമിർമൻഡ് പറഞ്ഞു. പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ, കപ്പലുടമകൾ, സാങ്കേതിക വിദഗ്ധർ, കപ്പിത്താൻമാർ എന്നിവരും 5 ദിവസം നീളുന്ന മേളയിൽ പങ്കെടുക്കും. തുഴച്ചിൽ വള്ളങ്ങൾ, പായ് വഞ്ചികൾ, ജെറ്റ് സ്‌കീ, കൈറ്റ് സർഫിങ്, വിൻഡ് സർഫിങ് എന്നിങ്ങനെ കടലുമായി ബന്ധപ്പെട്ട വിനോദങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും മേള അവസരമൊരുക്കുന്നു.
സ്‌പോർട്‌സ് ഫിഷിങ്, വാട്ടർസ്‌പോർട്‌സ്, വാട്ടർ ലൈഫ് സ്‌റ്റൈൽ തുടങ്ങിയവയ്ക്കായി പ്രത്യേക വിഭാഗമുണ്ട്. ക്രൂസ് ടൂറിസത്തിന്റെ മുഖ്യകേന്ദ്രമായി യുഎഇ മാറിയ സാഹചര്യത്തിൽ ഇത്തവണത്തെ ബോട്ട്‌ഷോ കൂടുതൽ സന്ദർശകരെ ആകർഷിക്കുമെന്നു പ്രതീക്ഷിക്കുന്നു. കടലിലൂടെയുള്ള ഹ്രസ്വ, ദൂര യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതായാണു റിപ്പോർട്ട്. ഒക്‌ടോബർ മുതൽ മേയ് വരെയാണ് യുഎഇയിലെ ക്രൂസ് ടൂറിസം സീസൺ.