കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ തലസ്ഥാനമായ കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. സംഭവത്തില്‍ എത്ര പേർക്ക് അപായം സംഭവിച്ചെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിനിടെ, ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
ബഹുനില കെട്ടിടത്തിനു നേര്‍ക്കുണ്ടായമിസൈല്‍ ആക്രമണത്തില്‍ അഞ്ച് നിലകളെങ്കിലും തകര്‍ന്നതായി കീവ് മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററില്‍ പറഞ്ഞു. ആക്രമണത്തിനിരയായ കെട്ടിടത്തിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. വിവിധ ദിശകളില്‍നിന്ന് കീവിലേക്ക് കടന്നുകയറാന്‍ റഷ്യന്‍ സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കീവിന് നേരെ നിരന്തരം ആക്രമണമുണ്ടായെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കുലേബ ആഹ്വാനം ചെയ്തു.