റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടിലായത് യുക്രൈനിലുള്ള വിദ്യാർത്ഥികളാണ്. യുക്രെയ്നിൽ നിന്നും സുരക്ഷിതമായി തിരിച്ചെത്താൻ ആഗ്രഹിച്ച് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് സർക്കാരിനോട് അഭ്യർത്ഥനകളുമായി രംഗത്ത് വരുന്നത്. യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ തങ്ങൾക്ക് മടങ്ങി വരാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടുന്ന വീഡിയോകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയിൽ, വിദ്യാർത്ഥികൾ അവരുടെ പായ്ക്ക് ചെയ്ത ബാഗുകളുമായി ഇന്ത്യൻ എംബസിക്ക് പുറത്ത് ഉദ്യോഗസ്ഥരുടെ പ്രതികരണത്തിനായി കാത്തു നിൽക്കുന്നതും കാണാം. റഷ്യൻ അതിർത്തിയിൽ നിന്ന് 50 മൈൽ അകലെയുള്ള സുമ നഗരത്തിൽ, വടക്കുകിഴക്കൻ നഗരത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതോടെ 400 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഒരു ബേസ്‌മെന്റിൽ അഭയം പ്രാപിച്ചിട്ടുണ്ട്. യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഇന്ന് നാട്ടിലെത്തും. ആദ്യസംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
യുക്രൈൻ റഷ്യ യുദ്ധം തുടങ്ങിയപ്പോഴാണ് ഇത്രയധികം വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും യുക്രൈനിൽ പോയി വിദ്യാഭ്യാസം നേടുന്നു എന്നകാര്യം വ്യക്തമാകുന്നത്. യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠകൾ നിലനിൽക്കുമ്പോഴും എന്തുകൊണ്ട് ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി യുക്രെയ്ൻ തെരഞ്ഞെടുത്തു എന്നതാണ് ആളുകളിൽ ഉയരുന്ന സംശയം. യുഎസും പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും ചൈന പോലും പതിറ്റാണ്ടുകളായി ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഉന്നത വിദ്യാഭ്യാസ ലഭിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ യുക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി യുക്രൈൻ തെരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്.
മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരാണ് യുക്രെയ്നിലുള്ള ഭൂരിഭാഗം വിദ്യാർത്ഥികളും. ഒരു ചെറിയ വിഭാഗം മാത്രം എഞ്ചിനീയറിംഗ് കോഴ്‌സുകളും തെരഞ്ഞെടുത്തിട്ടുണ്ട്. തലസ്ഥാനമായ കീവിൽ നിന്ന് 480 കിലോമീറ്റർ അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ സ്കൂൾ. യുക്രൈനിലെ മെഡിക്കൽ കോളേജുകൾ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളവയാണ്. കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ളതിനാൽ അവിടെ നിന്ന് ലഭിക്കുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിലും സാധ്യതകളുണ്ട്. അതുകൊണ്ടു മാത്രമാണോ വിദ്യാർത്ഥികൾ യുക്രൈൻ തിരഞ്ഞെടുത്തത്.
ലക്ഷങ്ങൾ ചെലവ് വരും ഒരു വിദ്യാർത്ഥി ഡോക്ടർ ആയി പുറത്ത് വരാൻ. പഠനത്തിന്റെ ഫീസ് മാത്രമല്ല, താമസസൗകര്യവും മാറ്റുമെല്ലാമായി ലക്ഷങ്ങൾ വേറെയും വേണം. യുക്രൈനിൽ ചെലവ് താരതമ്യേന കുറവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവുമാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് വിദ്യാർത്ഥികളെ കൂടുതലായും യുക്രൈനിലേക്ക് ആകർഷിക്കുന്നത്. റസിഡൻഷ്യൽ കാർഡ്, വിസ, ഏജൻസി ഫീസ്, യാത്രാ ചെലവുകൾ, കോളേജ് ഫീസ്, താമസച്ചെലവുകൾ എന്നിവ ഉൾപ്പെടെ ആദ്യ വർഷം ഏകദേശം 13 മുതൽ 14 ലക്ഷം രൂപ വരെ ചെലവ് വരും എന്നാണ് അറിയുന്നത്.
രണ്ടാം വർഷം മുതൽ, ട്യൂഷൻ ഫീസും താമസ ചെലവുകൾക്കുമായി പ്രതിവർഷം 5 മുതൽ 6 ലക്ഷം രൂപ വരെയാണ് ചെലവ്. അവിടെ തന്നെ മാസ്റ്റേഴ്സ് കൂടി ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ മിക്ക മെഡിക്കൽ വിദ്യാർത്ഥികളും സാധാരണയായി 10 വർഷത്തെ വിസയാണ് തെരഞ്ഞെടുക്കുന്നത്. യുക്രെയ്നിലെ കോളേജുകളിൽ പ്രവേശനം ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. മെഡിക്കൽ കോഴ്സിന് അഡ്മിഷൻ ലഭിക്കാൻ ഒരു അടിസ്ഥാന പ്രവേശന പരീക്ഷയുണ്ട്. അത് വളരെ എളുപ്പത്തിൽ വിജയിക്കാൻ സാധിക്കും. യുക്രെയ്നിലെ മെഡിക്കൽ പഠനത്തിന് ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നാഷണൽ എക്സിറ്റ് ടെസ്റ്റ് (NEXT) എന്ന ബ്രിഡ്ജ് കോഴ്‌സ്-പരീക്ഷ പാസാകാണം. അതിനുശേഷം അവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ആരംഭിക്കാം. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇതിനേക്കാൾ ചിലവ് വരുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദ്യാർത്ഥികൾ പഠനത്തിനായി യുക്രൈൻ തിരഞ്ഞെടുത്തത്.