കീവ്: യുക്രൈൻ വിട്ടെന്ന പ്രചാരണം തള്ളി വ്‌ലാദിമിർ സെലൻസ്‌കി. യുക്രൈനിൽ തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ കീവിലുണ്ട്, സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും’, ട്വിറ്ററിലൂടെ പങ്കുവച്ച പുതിയ വീഡിയോയിൽ വ്‌ലാദിമിർ സെലൻസ്കി പറഞ്ഞു.
നേരത്തെ പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്നപേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ‘രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും’ വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.
അതേ സമയം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി വ്ലാദിമിർ സെലൻസ്കി ചര്‍ച്ച നടത്തി. ഇരു നേതാക്കളും 40 മിനുട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയോട് ചര്‍ച്ച വേളയില്‍ യുക്രൈന്‍ പ്രസിഡന്‍റ് വീണ്ടും സൈനിക സഹായം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടുതല്‍ ഉപരോധം ആവശ്യമാണെന്നും വ്ലാദിമിർ സെലൻസ്കി പറഞ്ഞു.