കീവ്: റഷ്യൻ അധിനിവേശം (Russia Invasion) തുടരുന്ന യുക്രൈനിൽ (Ukraine) നിന്ന് സ്വദേശികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോർട്ട്. അരലക്ഷത്തിലധികം യുക്രൈനികൾ 48 മണിക്കൂറിനിടെ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ (UN) റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. അതിനിടെ, കീവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെടിയൊച്ച കേട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തിരക്കേറിയ സമയത്താണ് വെടിയൊച്ച ഉയർന്നതെന്നാണ് റിപ്പോർട്ട്. നാടുവിടാനെത്തിയവരുടെ വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്.
യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നച്. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
‘സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ യുക്രൈൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത് ‘- പുടിൻ ആഹ്വാനം ചെയ്തു.