ദുബായ് : യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. പലയിടങ്ങളിലും രാവിലെ 10 ആയിട്ടും അന്തരീക്ഷം തെളിഞ്ഞില്ല.
അപകടങ്ങളോ ഗതാഗത പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ േകന്ദ്രം അറിയിച്ചു.രാത്രിയിൽ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകുന്നു. തണുത്ത കാറ്റുമുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു പൊലീസ് നിർദേശിച്ചു.
അബുദാബി അൽ ദഫ്ര, അൽഐൻ, ലിവ, മദീനത് സായിദ്, ദുബായ് ലിസൈലി, ലഹ്ബാബ്, ജബൽഅലി, മിൻഹാദ്, ഷാർജ രാജ്യാന്തര വിമാനത്താവള പരിസരം, മദാം, റാസൽഖൈമ ജബൽ ജെയ്സ് മേഖലകൾ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് ശക്തമായിരുന്നു. 9.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാവിലത്തെ കുറഞ്ഞ താപനില. അതേസമയം, പകൽ പലയിടങ്ങളിലും താപനില ഉയർന്നു.2008 മാർച്ച് 11ന് കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് അബുദാബി ഗന്തൂതിൽ ഇരുനൂറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി 6 പേരാണ് മരിച്ചത്. പലർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.