സ്വാഭാവിക അഭിനയശൈലിയിലൂടെ മലയാളികളെ ഒരേപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്റെ ഹാസ്യ താരം കുതിരവട്ടം പപ്പു ഓര്‍മയായിട്ട് ഇന്ന് 22 വര്‍ഷം പൂർത്തിയാക്കുകയാണ്. മലയാള സിനിമയിലെ ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് കുതിരവട്ടം പപ്പു അരങ്ങൊഴിഞ്ഞത്. ഒരുകാലത്ത് തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന താരമാണ് പപ്പു. എടുത്തു പറയേണ്ട ഒരുപാട് നല്ല ചിത്രങ്ങളും തമാശകളും നിരവധിയുണ്ട് പപ്പുവിന്റേതായിട്ട്.
1936-ലാണ് പപ്പുവിന്റെ ജനനം. പദ്മദളാക്ഷന്‍ എന്നാണ് ശരിയായ പേര്. കുടുംബവീട് ഫറോക്കിലായിരുന്നു. സ്‌കൂള്‍ പഠന കാലത്താണ് കുടുംബം കോഴിക്കോട് നഗരത്തിലേക്ക് താമസം മാറ്റുന്നത്. കുതിരവട്ടം ദേശപോഷിണി വായനശാലയിലെ സാഹിത്യ സമിതിയുടെ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ പദ്മദളാക്ഷനും എത്തുമായിരുന്നു. ചര്‍ച്ച കഴിഞ്ഞാല്‍ പിന്നെ നിമിഷനാടകങ്ങളാണ്. കുറച്ചുപേര്‍ ചേര്‍ന്ന് ഒരു തമാശ സന്ദര്‍ഭം സങ്കല്‍പ്പിച്ചുണ്ടാക്കി അവതരിപ്പിക്കുന്നതാണ് നിമിഷനാടകങ്ങള്‍. ഒരുപാട് നിമിഷനാടകങ്ങളില്‍ പദ്മദളാക്ഷന്‍ വേഷമിട്ടു. അതുവഴി, കോഴിക്കോട്ടെ നാടക വേദികളിലുമെത്തി. ഹാസ്യവേഷമായിരുന്നു ഏറെയും ചെയ്തിരുന്നത്.
പദമദളാക്ഷന്റെ നാടകാഭിനയം കാണാനിടയായ രാമുകാര്യാട്ട് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചു. അങ്ങനെ മൂടുപടം (1963) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും അടുത്തവര്‍ഷം പുറത്തിറങ്ങിയ ഭാര്‍ഗവി നിലയത്തിലെ വേഷമാണ് താരത്തിന് വഴിത്തിരിവായത്. തിരക്കഥയെഴുതിയപ്പോള്‍, വൈക്കം മുഹമ്മദ് ബഷീര്‍ പദ്മദളാക്ഷന്റെ കഥാപാത്രത്തിന് നല്‍കിയ പേരാണ് കുതിരവട്ടം പപ്പു. ആ പേരു തന്നെ പിന്നീട് കൂടെകൂട്ടി. ഭാര്‍ഗവി നിലയത്തിനു ശേഷം ആദ്യകിരണങ്ങള്‍, കുഞ്ഞാലിമരക്കാര്‍, കുട്ട്യേടത്തി, പണിമുടക്ക്, മാപ്പുസാക്ഷി, ചന്ദനച്ചോല, ഹൃദയം ഒരു ക്ഷേത്രം, തുലാവര്‍ഷം തുടങ്ങിയ ചിത്രങ്ങളിലൂടെ കുതിരവട്ടം പപ്പു ഹാസ്യനടന്മാരുടെ നിരയില്‍ മുന്നിലെത്തി. എഴുപതുകളില്‍ പപ്പു തിരക്കേറിയ നടന്മാരിൽ ഒരാളായി മാറി.
മൂര്‍ഖന്‍, അങ്ങാടി, അമ്പലവിളക്ക്, മീന്‍, സ്‌ഫോടനം, ജീവിതം ഒരു ഗാനം, ചാകര, ബെന്‍സ് വാസു, യക്ഷിപ്പാറു, അവളുടെ രാവുകള്‍, ഈറ്റ തുടങ്ങിയ ചിത്രങ്ങള്‍ അക്കാലത്തെ സൂപ്പർഹിറ്റുകളായിരുന്നു. ജയന്റെ കൂടെയുള്ള വേഷങ്ങള്‍ പപ്പുവിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ധിം തരികിട തോം, ടി പി ബാലഗോപാലന്‍ എം എ, വെള്ളാനകളുടെ നാട്, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ഡോക്ടര്‍ പശുപതി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി പിന്നെയും അനവധി ചിത്രങ്ങള്‍ ചെയ്തു. അതിൽ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ പപ്പുവിന്റെ അഭിനയം ആരും എത്രകാലങ്ങൾ കഴിഞ്ഞാലും മറക്കില്ല. അത്രക്ക് മനോഹരമായിരുന്നു ചിത്രത്തിലെ പപ്പുവിന്റെ വേഷം. അതിലെ എല്ലാ തമാശകളും ഇന്ന് മലയാളികൾക്ക് കാണാപ്പാഠമാണ്.
‘ഇത് ചെറ്ത്, ഇപ്പോ ശരിയാക്കിത്തരാം’ എന്നും പറഞ്ഞുകൊണ്ട് പപ്പു റോഡ് റോളര്‍ ശരിയാക്കാന്‍ കയറിയ രംഗം എന്നും മലയാളികളുടെ മനസിലുണ്ടാകും. റോഡ് റോളര്‍ ശരിയാക്കാന്‍ കയറിയ പപ്പുവിന് പക്ഷെ അത് ശരിയാക്കാൻ കഴിഞ്ഞില്ല. ശ്രമം കൊണ്ടെത്തിച്ചത് മുനിസിപ്പല്‍ സെക്രട്ടറിയുടെ വീടിന്റെ മതിൽ പൊളിക്കലിലായിരുന്നു. അവസാനം കുടക്കാല് കൊണ്ട് ഒരു തല്ലും കൊടുത്ത് ഓടിച്ചുവിടുകയായിരുന്നു പപ്പുവിനെ. എത്രകണ്ടാലും മതിവരാത്ത രംഗങ്ങളായിരുന്നു അതെല്ലാം. അതുപോലെ, ബഡായി പറയുന്ന വേഷം ചെയ്യാൻ പപ്പുവിനെ കഴിഞ്ഞേ മലയാളസിനിമയിൽ വേറെ ആളോള്ളൂ. ടി.പി. ബാലഗോപാലന്‍ എം.എയില്‍ ബസ്സ് ഡ്രൈവറാണ് പപ്പു എത്തിയത്. വയനാട് ചുരമിറങ്ങുമ്പോള്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതെല്ലാം വിസ്തരിക്കുന്നുണ്ട് അതിൽ. ഭാര്യയുടെ മുത്തശ്ശിയെ സോപ്പടിക്കാനായിരുന്നു ഇതെല്ലാം. എന്നാലേ ആ വീട്ടില്‍ കഴിഞ്ഞുകൂടാന്‍ പറ്റു. ഇങ്ങനെ ബഡായി പറയുകയും കള്ളത്തരം കാണിക്കുകയും മാത്രമല്ല, അത് കഴിയുമ്പോള്‍ ഒരു ചിരിയുമുണ്ട് പപ്പുവിന്- എന്നെ കണ്ടാല്‍ കള്ളനാണെന്നു തോന്നുമോ എന്ന ഭാവത്തില്‍.
ഏയ് ഓട്ടോയില്‍ കളഞ്ഞുകിട്ടിയ പണം തന്റേതാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു അയാള്‍. പടച്ചോന്‍ ഫുള്‍ ഫാമിലിയായി തന്റെ ഓട്ടോയില്‍ കയറി, എന്നിട്ട് ഇഷ്ടം പോലെ ബിരിയാണീ തിന്നിട്ട് ചാകടാ എന്നും പറഞ്ഞ് സ്‌നേഹത്തോടെ തന്ന പണമാണെന്നൊക്കയാണ് ആദ്യം പറഞ്ഞത്. പക്ഷെ പിന്നെ യഥാര്‍ഥ ഉടമസ്ഥനെ കണ്ടെത്തിയപ്പോള്‍ ഞാനപ്പഴേ പറഞ്ഞില്ലേ എന്ന ഭാവത്തില്‍ പപ്പു ഉരുളുകയും ചെയ്യുന്നു. ഇങ്ങനെ കുറേ കഥാപാത്രങ്ങളെ പപ്പു അവിസ്മരണീയമാക്കിയിട്ടുണ്ട്. ചിലപ്പോള്‍ ഒരു കള്ളനോട്ടം, അല്ലെങ്കില്‍ ഒഴിഞ്ഞുമാറല്‍, ചിലപ്പോള്‍ ജാള്യത കലര്‍ന്ന ഒരു ചിരിയാവാം അത്. പപ്പുവിന് മാത്രം പറ്റുന്ന ചില നമ്പറുകളാണത്. കൂടാതെ, പെട്ടന്ന് ഓര്‍മിക്കാന്‍ പറ്റുന്ന ചില നല്ല ഡയലോഗുകള്‍ ബാക്കിവെച്ചാണ് പപ്പു യാത്രയായത്. പപ്പുവിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഈ ഡയലോഗുകളാവും. മിന്നാരത്തില്‍ ട്യഷന്‍മാഷായാണ് പപ്പു എത്തുന്നത്. അതിൽ ഭാരതത്തിലെ ‘ഭ’ ഏതാണെന്ന് കുട്ടികള്‍ സംശയം ചോദിച്ചപ്പോള്‍ ബിരിയാണിയിലെ ‘ബ’ ആണെന്ന അയാളുടെ മറുപടി കേട്ടാല്‍ ഇപ്പോഴും ചിരി വരും.
തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിൽ ശോഭനയുടെ അമ്മാവനായി അഭിനയിച്ച രംഗങ്ങളും പപ്പു അവിസ്മരണീയമാക്കി. ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്, ടാസ്‌കി വിളിയെടോ എന്നൊക്കെയുള്ള പപ്പുവിന്റെ ഡയലോഗ് ആര്‍ക്കും മറക്കാനാവില്ല. ഒരു തമാശക്കാരന്‍ മാത്രമല്ല പപ്പു. നല്ല കാരക്ടര്‍ റോളുകള്‍ കൂടി അദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘അങ്ങാടി’യില്‍ പപ്പു ചെയ്ത വേഷം അതില്‍ ഒന്നു മാത്രം. പുറമേക്ക് തമാശക്കാരനെങ്കിലും ഒരുപാട് ദുഃഖങ്ങളും പേറി ജീവിക്കുന്ന ഒരാളാണ് പപ്പു. ‘പാവാട വേണം മേലാട വേണം..’ ഈ പാട്ട് കേള്‍ക്കുമ്പോള്‍ പപ്പുവിനെ ഓര്‍മവരും. അവളുടെ രാവുകളിലെ റിക്ഷാവണ്ടിക്കാരന്‍, നഖക്ഷതങ്ങളിലെ അടുക്കളക്കാരന്‍ ഇങ്ങനെ കുറെ വേഷങ്ങള്‍ കൂടി എടുത്തുപറയാം. ദി കിംഗ് എന്ന ചിത്രത്തില്‍ പെന്‍ഷനുവേണ്ടിയുള്ള ഹരജികളും കയ്യില്‍പിടിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷം പപ്പു എന്ന നടന്റെ അഭിനയമികവിന്റെ മറ്റൊരു കയ്യൊപ്പാണ്.
തന്റെ അഭിനയ ജീവിതത്തിനിടയിൽ അസുഖം വന്നപ്പോഴും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ തീരെ അവശനായപ്പോൾ പപ്പു വിട്ടുനിന്നു. അവസാനകാലത്ത് ചെയ്ത ചിത്രങ്ങളിലൊന്നാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍. അതില്‍ കുഞ്ഞിരാമനാശാന്‍ എന്ന, കള്ളുകുടിയനായ ഒരു വര്‍ക് ശാരീരികമായ ബുദ്ധിമുട്ടുകളെ മറന്നാണ് പപ്പു അവസാന കാലങ്ങളില്‍ അഭിനയിച്ചത്. ആ സമയത്ത് കോഴിക്കോട്ടെ നാടകസമിതി പുനസംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനിടയില്‍ 2000 ഫെബ്രുവരി 25-നായിരുന്നു കുതിരവട്ടം പപ്പുന്റെ വിയോഗം.