റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം ഒരു തുറന്ന യുദ്ധത്തിലേക്ക് പോകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയിലുള്ള പലർക്കും ഈ യുദ്ധത്തിന്റെ ഗൗരവം എത്രത്തോളമാണെന്ന് ഇതുവരെ മനസിലായിട്ടില്ല. പലരും വിചാരിക്കുന്നത്, നമ്മൾ എന്തിനാ ഇതൊക്കെ നോക്കുന്നത് യുദ്ധം റഷ്യയും യുക്രൈനും തമ്മിലല്ലേ എന്നാണ്. എന്നാൽ ആ സംശയങ്ങൾ അതികം വൈകാതെ തന്നെ മാറിക്കിട്ടും. ലോകരാഷ്രങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ അത് ഇന്ത്യയെ മാത്രമല്ല എല്ലാ രാജ്യങ്ങളെയും ബാധിക്കും. ഇന്ത്യയിൽ ഓഹരി വിപണി കുത്തനെ കൂപ്പുകുത്തി, രാജ്യത്തെ സ്വർണ വില കുത്തനെ ഉയർന്നു, ക്രൂഡ് ഓയിൽ വില ബാറലിന് 100 ഡോളർ ആയി ഉയർന്നു. യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്കം സംഭവിച്ച മാറ്റങ്ങളാണ് ഇത്. ഇനിയൊന്നു ചിന്തിച്ചാൽ മനസിലാകും യുദ്ധം തുടർന്നാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താകും എന്ന്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധ ഭീതിയിൽ ഇന്ത്യന്‍ വിപണിയുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് വിപണി തുറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടിയോളം രൂപയാണ്. 2413 ഓഹരികളുടെ വില ഇടിയുകയായിരുന്നു. വെറും 355 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇത് നാലാം ദിവസമാണ് വിപണിയില്‍ കനത്ത ഇടിവ് തുടരുന്നത്. തിങ്കളാഴ്ച മോസ്‌കോയുടെ ഓഹരി വിപണി സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവ് കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷത്തെ വിപണിയുടെ ആകെ നഷ്ടം 20 ശതമാനം കടന്നു. ഇത് വരുംദിവസങ്ങളില്‍ ഇനിയും ഉയരാനാണ് സാധ്യത. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രഹരമാകും നേരിടേണ്ടിവരിക. ക്രൂഡ് ഓയിൽ മാത്രമല്ല പെട്രോൾ, ഡീസൽ വിലയിലും പാചക വാദക വിലയിലും വൻ വർദ്ധനവുണ്ടായേക്കും. നമ്മുടെ രാജ്യത്ത് 80% എണ്ണയും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ 25 ശതമാനവും എണ്ണയാണ്. നിലവിലെ ധനകമ്മിയെ എണ്ണ വില കൂടുന്നത് ബാധിക്കും.
ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവാണ് ഉണ്ടാകാൻ പോകുന്നത്. ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില നൂറ് ഡോളറിനടുത്തെത്തി. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 97.87 ഡോളറിലേക്കെത്തി. യു എസ് ക്രൂഡ് വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. 3.61 ശതമാനം വര്‍ധനയോടെ വില ബാരലിന് 94.36 ഡോളറിലെത്തി.
2021 ലെ ക്രൂഡ് ഓയില്‍ വിലയില്‍ നിന്നും ഈ വര്‍ഷം 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. എണ്ണവില വര്‍ധനയ്‌ക്കൊപ്പം സാധനങ്ങളുടെ വിലയും കുതിച്ചുയരുമെന്ന കാര്യം ഉറപ്പാണ്. അതിൽ ഒന്നാണ് നമ്മൾ ഉപയോഗിക്കുന്ന സൺഫ്‌ളവർ ഓയിൽ. ഇന്ത്യ 90% സൺഫ്‌ളവർ ഓയിലും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ എണ്ണയാണ് സൺഫ്‌ളവർ ഓയിൽ. 2021ൽ ഇന്ത്യ 1.89 മില്യൺ ടൺ സൺഫ്‌ളവർ ഓയിലാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 70 ശതമാനം യുക്രൈനിൽ നിന്നാണ്. റഷ്യയിൽ നിന്ന് 20 ശതമാനവും ബാക്കി 10 ശതമാനം അർജന്റീനയിൽ നിന്നുമാണ് ഇറക്കുമതി ചെയ്തത്.
സാധാരണ ഗതിയിൽ ഫെബ്രുവരി-മാർച്ച് മാസത്തിൽ ഇന്ത്യയിലേക്ക് യുക്രൈനിൽ നിന്ന് 1.5 മുതൽ രണ്ട് മില്യൺ സൺഫ്‌ളവർ വിത്തുകൾ വരെ വരാറുണ്ട്. എന്നാൽ റഷ്യ -യുക്രൈൻ സംഘർഷം പുറത്തുവന്ന ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഒരു ഷിപ്‌മെന്റ് സൺഫ്‌ളവർ ഓയിൽ പോലും എത്തിയില്ല. റഷ്യ-യുക്രൈൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകൾ കൂടി നീണ്ടുനിന്നാൽ ഇന്ത്യയിൽ സൺഫ്‌ളവർ ഓയിൽ സ്‌റ്റോക്ക് തീരെ ഇല്ലാതാകും. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ഗോതമ്പ്. ഗോതമ്പിന്റെ വിലയിലും വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രൈനാണ് ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യം. ലോകമെമ്പാടും ഉപയോഗിക്കുന്ന ഗോതമ്പിന്റെ കാൽ ഭാഗവും വരുന്നത് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമാണ്. കൊവിഡ് കാരണം ലോകത്തെ ഭക്ഷ്യ വിതരത്തിലും, ഭക്ഷ്യ വസ്തുക്കളുടെ വിലയിലും വലിയ മാറ്റവും വിലക്കൂടുതലും സംഭവിച്ചിരുന്നു. നിലവിൽ യുദ്ധം കൂടി പൊട്ടി പുറപ്പെട്ടതോടെ ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ വലിയ രീതിയിൽ വിലക്കയറ്റമുണ്ടാകുമെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.
മരുന്നുകളുടെ കാര്യത്തിളും ആശങ്കയുണ്ട്. യുക്രൈനിലേക്ക് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റാൻബാക്‌സി, സൺ ഗ്രൂപ്പ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നീ സ്ഥാപനങ്ങൾക്ക് യുക്രൈനിൽ ഓഫിസുകളുണ്ട്. യുദ്ധം വന്നതോടെ ഈ കയറ്റുമതിയേയും അത് ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലയും വൻ തോതിൽ വർധിക്കും. ചില രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ സാധങ്ങൾ കയറ്റി അയക്കുന്ന രാജ്യം റഷ്യയാണ്. യുക്രൈനും വൻ തോതിൽ ഭക്ഷ്യ സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഈജിപ്ത്, തുർക്കി, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങൾ കൂടുതലായി റഷ്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് ആശ്രയിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന ഉക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, റൊമാനിയ എന്നീ രാജ്യങ്ങൾ പ്രധാനമായും കരിങ്കടൽ വഴിയാണ് കയറ്റുമതി നടത്തുന്നത്. എന്നാൽ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ ഇത് തടസപ്പെടുകയും ഭക്ഷണ സാധനങ്ങളുടെ വില വർധിക്കുകയും ചെയ്യും. ആഗോളതലത്തിൽ വർധനയുണ്ടാകുമ്പോൾ അത് ഇന്ത്യയെയും ബാധിക്കും. ലോഹവിപണിയെയും ഇത് കാര്യമായി ബാധിക്കും. പുകക്കുഴല്‍ നിര്‍മാണം, മൊബൈല്‍ ഫോണ്‍ നിര്‍മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന പലാഡിയം എന്ന ലോഹത്തിന്‍റെ വില കൂടുന്നത് ഉപരോധ ഭീഷണികൂടി നേരിടുന്ന റഷ്യക്ക് പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. കാരണം പലാഡിയം ഉത്പാദനത്തില്‍ റഷ്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.
അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട്, പ്രകൃതി വാതകം എന്നിവയുടെ പ്രധാന ഉത്പാദകരാണ് റഷ്യ. ഉപരോധം വന്നാല്‍ ആഗോള വിപണിയില്‍ ഇവയുടെ വിതരണത്തില്‍ വലിയ തടസ്സങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ ഇവയുടെ വിലയും കുതിച്ചുയര്‍ന്നേക്കാം. ഇതുവഴി ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വൈദ്യുത വാഹന, ഹരിത ഊര്‍ജ മേഖലകള്‍ക്കും റഷ്യന്‍ അധിനിവേശം തിരിച്ചടിയായേക്കാം. 2021 -ല്‍ 37 ലക്ഷം ടണ്‍ അലൂമിനിയമാണ് റഷ്യ ഉത്പാദിപ്പിച്ചത്. ആഗോളതലത്തില്‍ ആറു ശതമാനം വിപണിവിഹിതമുണ്ട്. അലൂമിനിയം ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നതും റഷ്യതന്നെ. ഈ വര്‍ഷം ഇതുവരെ അലൂമിനിയം വിലയില്‍ 15 ശതമാനം വരെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 63,900 കോടി ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം റഷ്യ ഉത്പാദിപ്പിച്ചു. ആഗോള ഉത്പാദനത്തിന്റെ 17 ശതമാനം വരുമിത്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ കുറച്ചത് അവിടെ പ്രകൃതിവാതക ക്ഷാമം രൂക്ഷമാക്കിയിരുന്നു. കൂടാതെ, വൈദ്യുത വാഹനങ്ങള്‍, കാറ്റാടികള്‍, സൗരോര്‍ജ പാനല്‍, പവര്‍ ഗ്രിഡ് എന്നിവയുടെ ഉത്പാദനം ഉയര്‍ന്നതിനാല്‍ ചെമ്പിന്റെ ഉപഭോഗം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വൈദ്യുത വാഹനങ്ങളില്‍ ഐ.സി.ടി. വാഹനങ്ങളേക്കാള്‍ നാലു മടങ്ങുവരെ അധികം ചെമ്പുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. റഷ്യയില്‍നിന്നുള്ള ചെമ്പിന്റെ വരവ് നിലച്ചാല്‍ ഈ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും.
ബാറ്ററിയുടെ പ്രധാന ഘടകമായ കോബാള്‍ട്ടിന്റെയും പ്രധാന ഉത്പാദകരാണ് റഷ്യ. 2021 -ല്‍ കോബാള്‍ട്ട് വിലയില്‍ 90 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ മേഖലകളെയും ഈ യുദ്ധം ബാധിക്കും. റഷ്യ-യുക്രൈൻ യുദ്ധം ഇനിയും തുടർന്നാൽ അത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും മുന്നിലുണ്ട്. അങ്ങനെയെങ്കിൽ സാധാരണക്കാരുടെ ജീവിതം തലകീഴായി മറിയും. ലോകം രണ്ട് ചേരിയിലേക്ക് ചുരുങ്ങുമ്പോൾ സമ്പദ് വ്യവസ്ഥയുടെ ഗതി ഇനി എന്താകുമെന്നത് കണ്ടുതന്നെ അറിയാം.