ഒടുവിൽ ലോകത്ത് മുഴുവൻ ആശങ്ക പരത്തി റഷ്യ യുക്രൈനിനെ കടന്ന് ആക്രമിച്ചു. കര, വ്യോമ, കടൽ ആക്രമങ്ങളിൽ ഒരു പോലെ റഷ്യ യുക്രൈനിനെ നേരിടുകയാണ്. യുക്രൈനിന്റെ 12 നഗരങ്ങളിൽ റഷ്യ വ്യക്തമായ മേധാവിത്വം നേടി ആക്രമം തുടരുകയാണ്. ഇതുവരെ 137 സിവിലിയന്മാരും സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി തന്നെ സ്ഥിരീകരിച്ചു.
യുക്രൈനിന്റെ തലസ്ഥാനമായ കൈവിന്റെ ദിശയിലേക്ക് റഷ്യൻ സൈനികർ മുന്നേറുകയാണ്. റഷ്യ രാജ്യത്തേക്ക് സൈന്യത്തെ ഒഴുക്കുന്നത് തുടരുകയാണ് എന്ന് യുക്രൈൻ തന്നെ വ്യക്തമാക്കുന്നു. ഏകദേശം 100,000 യുക്രേനിയക്കാർ വീടുവിട്ട് പലായനം ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി വ്യക്തമാക്കി. പലായനം തുടരുകയാണ്. അതേസമയം യുവാക്കൾ രാജ്യം വിടരുതെന്ന് യുക്രൈൻ സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
യുക്രൈൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ ഭാഗത്ത് നിന്നും പുടിൻ സർക്കാരിന്റെ സൈന്യം ആക്രമിക്കുകയാണ്. യുക്രൈൻ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ട്. ആണവ മേഖലയായ ചെർണോബിൽ റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. കീവ് കൂടി പിടിച്ചെടുക്കുന്നതോടെ യുക്രൈൻ പൂർണമായി റഷ്യയുടെ അധീനതയിലായേക്കും. പലയിടങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നുണ്ട്.
യുദ്ധം തുടങ്ങുന്നത് വരെ യുക്രൈനിന്റെ കൂടെ നിന്ന അമേരിക്ക ഉൾപ്പെടെയുള്ള ശക്തികളും നാറ്റോയും ഇതുവരെ യുക്രൈനിനെ സഹായിക്കാൻ എത്താത്തതിൽ യുക്രൈനിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഒറ്റപ്പെട്ട് യുദ്ധം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി പറയുന്നു. 26 യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചെന്നും ആരും സഹായിക്കുന്നില്ലെന്നും എല്ലാവരും ഭയന്ന് ഇരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
റഷ്യയുടെ അക്രമത്തിനെതിരെ പ്രതിഷേധവുമായി ലോകരാജ്യങ്ങൾ ഉണ്ട്. കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യക്കും റഷ്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിൽ തന്നെ യുദ്ധത്തിനെതിരെ വൻ പ്രതിഷേധ റാലിയും നടന്നു. റഷ്യ ആക്രമണം നിർത്തണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. പാശ്ചാത്യ ശക്തികൾ റഷ്യയുടെ നീക്കത്തെ അപലപിക്കുമ്പോൾ യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചു.
ന്യൂസിലാൻഡും ജപ്പാനും റഷ്യക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ഉദ്യോഗസ്ഥർക്ക് ന്യൂസിലാൻഡ് യാത്രനിരോധനം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനുള്ള കയറ്റുമതിയിലും ന്യൂസിലാൻഡ് നിരോധനമേർപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ന്യൂസിലാൻഡ് ആവശ്യപ്പെട്ടു. യുക്രെയ്നിൽ കുടുങ്ങിയ ന്യൂസിലാൻഡ് പൗരൻമാർക്ക് ആവശ്യമായ സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്തമാക്കി.
റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾക്ക് മേൽ ജപ്പാൻ പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ധനകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ആസ്തി മരവിപ്പിക്കുമെന്ന് ജപ്പാൻ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈനിലുള്ള പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജപ്പാൻ അറിയിച്ചു.
യുക്രൈലേക്കു സൈന്യത്തെ അയക്കില്ലെന്നു യുഎസ് അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങൾക്കു സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങൾ യുക്രെയ്നിൽ ഒതുങ്ങില്ല. പുടിനുമായി ഇനി ചർച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, യുക്രൈന് എതിരായ റഷ്യന്‍ സൈനിക നടപടി രണ്ടാം ദിനത്തിലും തുടരുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ നിലപാട് ചര്‍ച്ചയാവുന്നു. വിവിധ ലോക രാജ്യങ്ങള്‍ റഷ്യക്ക് എതിരെ ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി മുന്നോട്ട് പോവുമ്പോള്‍ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍, യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് എന്തെന്ന് വ്യക്തമാക്കണം എന്ന് അറിയില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. റഷ്യക്ക് മേല്‍ ഉപരോധം ശക്തമാക്കുമെന്ന് അറിയിച്ച് മാധ്യമങ്ങളെ കണ്ട ജോ ബൈഡന്‍ ഇതിനിടെയാണ് ഇന്ത്യ അമേരിക്കയ്ക്ക് ഒപ്പം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചത്. വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്, ഇന്ത്യന്‍ നിലപാട് എന്താണ് എന്ന് പൂര്‍ണവ്യക്തതയില്ല എന്നും ബൈഡന്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, യുക്രൈന്‍ റഷ്യ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇതിനോടകം ബാരലിന് 100 ഡോളര്‍ പിന്നിട്ടു കഴിഞ്ഞു. അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന്‍ റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമായിരിക്കും ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുക എന്നണ് റിപ്പോര്‍ട്ടുകള്‍.