ന്യൂഡൽഹി;യുക്രൈനിൽ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ.രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പല വിദ്യാർഥികളും ബങ്കറുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരെ യുക്രൈൻ അതിർത്തിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട്. .യുക്രൈനെ റഷ്യ കീഴടക്കുകയാണെങ്കിൽ നയതന്ത്ര ചർച്ചകൾ നടത്തുന്നതാനായി റഷ്യൻ ഭാഷയിൽ പ്രാവിണ്യമുള്ള ഉദ്യോഗസ്ഥരേയും ഇന്ത്യ യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകൾ യുക്രൈനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥർ സ്വീകരിക്കും. ഇതുവരേയും ഒരു രാജ്യത്തോടും പിന്തുണ പ്രഖ്യാപിക്കാത്ത ഇന്ത്യ,നയതന്ത്ര ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്.