കീവ്: റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു.
യുക്രൈനിലേക്ക് ഉടന്‍ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ പറഞ്ഞു. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത അടച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധനീക്കങ്ങള്‍ക്ക് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. പുതിയ സുരക്ഷാസാഹചര്യത്തില് പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ നാളെ നാറ്റോ ചേരുമെന്നും ഏകാധിപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടുമെന്ന് ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നാറ്റോ അടിയന്തരയോഗം ചേര്‍ന്നിരുന്നു. ‘ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്, യൂറോഅറ്റ്ലാന്റിക് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,’ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. നാറ്റോ സംഘടന എന്ന നിലയില്‍ നിലവില്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നില്ല.
പക്ഷേ ചില അംഗ രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. യുക്രൈനെ പിന്തുണച്ച് സൈനിക നടപടിക്ക് നാറ്റോ തയ്യാറാകില്ല. അതേസമയം, അംഗ രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കും. ഈ ദുഷ്കരമായ സാഹചര്യത്തില്‍ യുക്രൈൻ ജനതയ്ക്കൊപ്പമാണ് നാറ്റോ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. റഷ്യന്‍ കടന്നു കയറ്റം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഒരുമിച്ചു നില്ക്കുക എന്നതാണെന്ന് എസ്തോണിയന്‍ പ്രധാനമന്ത്രി കാജാ കല്ലാസ് ട്വിറ്ററിലൂടെ പറഞ്ഞു.
റഷ്യയുടെ കടന്നു കയറ്റം നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും ലോകത്തിന് തന്നയും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ തകര്‍ത്തതായി യുക്രൈൻ അവകാശപ്പെട്ടു. അമ്പത് റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നു. യുക്രൈൻ്റെ 40 സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. യുക്രൈന് തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായി. കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.