കഴിഞ്ഞദിവസം എം.എൽ.എ കെ.കെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ ഇട്ട ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. വിവാഹ ആഘോഷങ്ങളുടെ പേരില്‍ അരങ്ങേറുന്ന പേക്കൂത്തുകൾ വലിയ അപായ സൂചനയാണെന്നും മൂല്യച്യൂതിയുടെ ദൃഷ്ടാന്തമാണെന്നും എം.എൽ.എ പറഞ്ഞു. മനുഷ്യ സംസ്‌കാരത്തിന് നിരക്കാത്ത ഒട്ടേറെ സംഭവങ്ങളാണ് സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രൂരവും പൈശാചികവുമായ പെരുമാറ്റങ്ങള്‍ ചില മുഷ്യരില്‍ നിന്ന് ഉണ്ടാവുകയും കുടുംബാംഗങ്ങളും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം അതിന് ഇരകളാവുകയും ചെയ്യുന്നു. സാമൂഹ്യ വികാസത്തിന് മുതല്‍ക്കൂട്ടാവേണ്ട യുവത്വം ഇത്തരത്തിലുള്ള മാനസിക വ്യതിയാനങ്ങള്‍ വഴി അപകടകരമായ പ്രവണതകളിലേക്ക് നീങ്ങുന്നത് ഉല്‍ക്കണ്ഠാകുലമാണെന്നും കെ കെ ശൈലജ ടീച്ചർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തികച്ചും ഗൗരവമേറിയ ഒന്ന് തന്നെയാണ് ശൈലജ ടീച്ചർ പറഞ്ഞത്. ഇന്നത്തെ ജനറേഷനിലെ വിവാഹങ്ങളും മറ്റു ആഘോഷങ്ങളും എല്ലാം അതിരു കടക്കുന്നുണ്ട്. ഈ അടുത്തകാലത്താണ് വിവാഹത്തിന് വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്‌തും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തത്. കാസർഗോഡ് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ ഇത്തരത്തിൽ വേഷം കെട്ടിച്ചത്. രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ ഈ അതിരുകടന്ന ആഹ്ളാദ പ്രകടനം. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധനാ ദൈവമായ കൊറഗജ്‌ജയുടെ വേഷം കെട്ടിച്ചും ആഭാസ നൃത്തം ചെയ്യിപ്പിച്ചുമാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. വരന്റെ ദേഹമാസകലം ചായം പൂശുകയും ചെയ്‌തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ ഇടങ്ങളിൽ നിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. ഹൈന്ദവ സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് കർണാടക പോലീസ് കേസെടുത്തത്. മലയാളിയായ വരനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്തത്.
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതത്തിലേക്ക് കടക്കുന്ന യുവമിധുനങ്ങളെ മരണത്തിലേക്ക് പോലും എത്തിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ആഘോഷങ്ങൾ. കണ്ണൂരിലെ തോട്ടടയിൽ വിവാഹാഘോഷത്തിൻ്റെ രാത്രിയിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ബോംബേറിലാണ് പര്യവസാനിച്ചത്. വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി കാമാസക്തിയോടെ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ നിർബന്ധിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച് കുതിര്‍ക്കുക, ജെ.സി.ബിയിലും വാഴത്തൈ വെച്ച്കെട്ടിയ ഓട്ടോറിക്ഷയിലും വധു വരന്മാരെ ആനയിക്കുക, ഭക്ഷണ സാധനങ്ങൾ തലക്ക് മുകളിൽ ഒഴിക്കുക തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്. ശവപ്പെട്ടിയിൽ വരൻ പോകുന്ന ദൃശ്യവും കണ്ണൂരിൽ നാം കണ്ടതാണ്.
സുഹൃത്തുക്കളുടെ ചില തമാശകളും അപകടകരമായ പണികൊടുക്കലുകളും എല്ലാം ആണ് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം വരെ മുടങ്ങിപോകുന്ന അവസ്ഥയിൽ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടെത്തിക്കാരും ഉണ്ട്. പല രാജ്യത്തെയും വിവാഹ ആഘോഷങ്ങൾ നമ്മൾ കാണാറുണ്ട്. അതിൽ ചിലതൊക്കെ വളരെ അപകടകരവും വിശ്വസിനീയവുമാണ്. കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക, വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു.
സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ നിറയുന്നുണ്ട്. ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോൾ അത് സർവ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിക്ക് പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക. റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതൽ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്
അതുപോലെ മറ്റൊന്നാണ് വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ നടത്തുന്ന പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍. ഏറ്റവും വേറിട്ട രീതിയില്‍ ഫോട്ടോ ഷൂട്ട് നടത്തുക എന്നതാണ് എല്ലാവരും ലക്ഷ്യമിടുന്നത്. എന്നാല്‍ അവിടേയും അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരും ഓർക്കുന്നില്ല. 2020 നവംബർ 10ന് മൈസൂരുവില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ വരന്‍റെയും വധുവിന്‍റെയും ജീവനെടുത്ത വാർത്ത ആരും മറന്നുകാണില്ല. കാവേരി നദിയില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ, കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീണു. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇത്തരം നിരവധി വാർത്തകൾ രാജ്യത്ത് പലയിടങ്ങളിലും നടക്കുന്നുണ്ട്. എന്നാലും ഇത്തരം അതിരു കടക്കുന്ന ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല. ഈ സാഹചര്യത്തിൽ ശൈലജ ടീച്ചറുടെ ഫേസ്ബുക് കുറിപ്പ് വളരെ അധികം പ്രാധാന്യം അർഹിക്കുന്നുണ്ട്.
എം.എൽ.എ കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ഇത് ആഘോഷമല്ല പ്രാകൃതാചാരം
മനുഷ്യ സംസ്‌കാരത്തിന് നിരക്കാത്ത ഒട്ടേറെ സംഭവങ്ങളാണ് സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രൂരവും പൈശാചികവുമായ പെരുമാറ്റങ്ങള്‍ ചില മുഷ്യരില്‍ നിന്ന് ഉണ്ടാവുകയും കുടുംബാംഗങ്ങളും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം അതിന് ഇരകളാവുകയും ചെയ്യുന്നു. സാമൂഹ്യ വികാസത്തിന് മുതല്‍ക്കൂട്ടാവേണ്ട യുവത്വം ഇത്തരത്തിലുള്ള മാനസിക വ്യതിയാനങ്ങള്‍ വഴി അപകടകരമായ പ്രവണതകളിലേക്ക് നീങ്ങുന്നത് ഉല്‍ക്കണ്ഠാകുലമാണ്. എറ്റവും സന്തോഷപ്രദമായി മാറേണ്ട ആഘോഷക്കൂട്ടായ്മകള്‍ പോലും ജുഗുപ്സാവഹവും അക്രമണോത്സുകവുമാവുന്നു. ഈയിടെ വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന പേക്കൂത്തുകള്‍ ഒരു യുവാവിന്റെ ജീവനെടുക്കുന്ന അവസ്ഥയോളമെത്തി.
വിവാഹവീടുകളില്‍ മദ്യസല്‍ക്കാരവും അതിന്റെ ഭാഗമായി ഉണ്ടാവുന്ന ബഹളവും തുടര്‍ക്കഥയാവുകയാണ്. മുമ്പ് കോളേജുകളിലൊക്കെ നടന്നുവന്നിരുന്ന റാഗിങ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുതുടങ്ങിയപ്പോള്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും നിയമപാലകരുടെ ശ്രദ്ധയും വഴി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ പഴയ റാഗിങ്ങിനെ തോല്‍പ്പിക്കുന്ന അനാശാസ്യ പ്രവണതകളാണ് ചിലര്‍ സമൂഹത്തില്‍ നേരിട്ട് നടപ്പാക്കുന്നത്. വിവാഹവീടുകളില്‍ തലേന്നാള്‍ ആഭാസ നൃത്തം നടത്തുക, അസ്ലീല പദപ്രയോഗങ്ങള്‍ നടത്തുക, മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് കൂത്താടുക എന്നീകാര്യങ്ങളാണ് ചിലയിടത്ത് നടക്കുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി നൃത്തം ചവിട്ടുമ്പോള്‍ മറ്റുപുരുഷന്‍മാര്‍ സ്ത്രീ ശരീരമെന്ന് സങ്കല്‍പ്പിച്ച് വേഷംകെട്ടിയ ശരീരത്തില്‍ നടത്തുന്ന ചേഷ്ടകള്‍ അമ്മമാരും, കുഞ്ഞുങ്ങളും, സഹോദരന്‍മാരുമെല്ലാം കൂടിനില്‍ക്കുന്ന സദസ്സിന് മുമ്പാകെയാണ് കാട്ടുന്നത്.
ഇവിടെയിത് പറ്റില്ലെന്ന് പറയാന്‍ ആരും ആര്‍ജ്ജവം കാണിക്കുന്നില്ല എന്നതാണ് നാം അറിയാതെ ചെയ്യുന്ന കുറ്റം. വിവാഹ ദിവസം വധു വരന്റെ വീട്ടില്‍ വന്നുകയറുമ്പോള്‍ സുഹൃത്തുക്കള്‍ എന്നപേരില്‍ എത്തിയവര്‍ അവളുടെ ചെരുപ്പില്‍ എണ്ണയൊഴിച്ച് അതില്‍ കയറ്റി നടത്താന്‍ ആവശ്യപ്പെട്ട സംഭവമുണ്ടായി. ജെസിബിയുടെ കൈകളില്‍ വരനെയും വധുവിനെയും ഇരുത്തി, താഴെ വീണ് അപകടം സംഭവിച്ചു. വധൂവരന്‍മാരെ ചെരുപ്പ് മാല അണിയിച്ചും, ശീല എടുത്തുമാറ്റിയ കുടപടിപ്പിച്ചും ദീര്‍ഘദൂരം നടത്തിക്കുക, ആദ്യരാത്രി അലങ്കോലമാക്കാന്‍ കിടക്കയില്‍ വെള്ളമൊഴിച്ച് കുതിര്‍ക്കുക, നായ്ക്കുരണപ്പൊടി വിതറുക, നിലത്ത് എണ്ണയൊഴിക്കുക, ജനാലയുടെ വിജാഗിരികളും കൊളുത്തുകളും അഴിച്ചുമാറ്റുക, രാത്രി മുഴുവന്‍ വെളിയില്‍ നിന്ന് ശബ്ദമുണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങളാണ് വിവാഹ ആഘോഷങ്ങളുടെ പേരില്‍ അരങ്ങേറുന്നത്. ഇത് വലിയ അപായ സൂചനയാണ്. മൂല്യച്യൂതിയുടെ ദൃഷ്ടാന്തങ്ങളാണ്.
മനുഷ്യസംസ്‌കാരമെന്നത് സാമൂഹ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളുടെയും, ഗുണപരമായ ഇടപെടലുകളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന സമ്പന്നമായ അനുഭവങ്ങളുടെയും ആകെത്തുകയാണ്. മനുഷ്യരുടെ പെരുമാറ്റം, ജീവിത രീതികള്‍ എന്നിവയെല്ലാം ഉള്‍ച്ചേരുമ്പോഴാണ് സംസ്‌കാരം ഉടലെടുക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കൊടുവില്‍ നന്മയെ പുണരാന്‍ കഴിയുമ്പോഴാണ് സാംസ്‌കാരിക നവോത്ഥാനം സംഭവിക്കുക. സാമൂഹ്യ വികാസ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം സംഘട്ടനങ്ങളിലൂടെ മനുഷ്യത്വഹീനമായ ഒട്ടേറെ കാര്യങ്ങള്‍ക്ക് അറുതിവരുത്തിയതായി കാണാം. സ്വാഭാവികമായും ബോധപൂര്‍വമായ ഇടപെടലുകളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യസംസ്‌കാരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
മുതലാളിത്ത ഉപഭോഗസംസ്‌കാരം മനുഷ്യത്വഹീനമാണെന്ന് കൂടുതല്‍ അനുഭവങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യജീവിതത്തെ കൂടുതല്‍ സുഗമമാക്കി മാറ്റേണ്ടതാണ്, എന്നാല്‍ അതുപോലും മുതലാളിത്ത ഉപഭേഗ ആര്‍ത്തിയുടെ ആയുധങ്ങളായി മാറുന്നതാണ് കാണുന്നത്. ഇന്റര്‍നെറ്റ വഴിയും, നവമാധ്യമങ്ങള്‍ വഴിയും അറിവിന്റെ ഗുണപരമായ പ്രചാരണം നടക്കുന്നതിന് പകരം അതീവ വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. സമൂഹത്തില്‍ വലിയൊരുവിഭാഗം ഈ വലയില്‍കുരുങ്ങി ആപല്‍ക്കരമായ സ്വഭാവ സവിശേഷതകളിലേക്ക് മാറുന്നു.
ഇന്നത്തെ സമൂഹത്തെ സത്യാനന്തരകാലമെന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. മനുഷ്യ സമൂഹത്തില്‍ നാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സത്യം, നീതി, ദയ, സ്നേഹം, സഹകരണം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അപ്പപ്പോള്‍ പടച്ചുവിടുന്ന നുണകളും സ്വാര്‍ഥ താല്‍പര്യങ്ങളും മേല്‍ക്കൈ നേടുന്നുവെന്നതുമാണ് സത്യാനന്തരകാലത്തിന്റെ പ്രത്യേകതയായി വിശദീകരിക്കപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യതിന്‍മകളെ പ്രതിരോധിക്കേണ്ട ജനത ലഹരിയിലേക്കും, കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നതും ഒരുരാജ്യത്തിന്റെ ആത്യന്തികമായപരാജയത്തിലേക്കാണ് നയിക്കുക. ഇന്ത്യയില്‍ എറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യു പി യിലാണ്, മഹാരാഷ്ട്ര തൊട്ടടുത്തുണ്ട്. കേരളത്തിലും മയക്കുമരുന്ന് ഉപയോഗങ്ങളും കേസുകളും കൂടിവരുന്നതായാണ് കാണുന്നത്. ഇതാണ് ശൈലജ ടീച്ചർ പറയുന്നത്.
മനുഷ്യബന്ധങ്ങൾ അകന്ന് പോകുന്ന ഇക്കാലത്ത് സൗഹൃദം ഊട്ടിയുറപ്പിക്കാൻ ലഭിക്കുന്ന അപൂവ്വ അവസരമാണ് വിവാഹ ആഘോഷങ്ങൾ. അതാണ് ഇപ്പോൾ ഓരോ നിമിഷവും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത്തരം അതിരു കടന്ന ആഘോഷങ്ങൾക്ക് വിലക്കിട്ടില്ല എങ്കിൽ ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും.