പറവൂർ: ജില്ലയിൽ ചെമ്മീൻ കെട്ടുകളിൽ രൂക്ഷമായ വൈറസ് ബാധ മൂലം ചെമ്മീൻകൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ജില്ലയുടെ പടിഞ്ഞാറൻതീരത്തോട് ചേർന്നുകിടക്കുന്ന വൈപ്പിൻമേഖലയിലും, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി,പ്രദേശങ്ങളിലെ കെട്ടുകളിലും വൈറസ് ബാധ രൂക്ഷമാണ്. ഇതുമൂലം കർഷകർ പ്രതിസന്ധിയിലാണ്. കാലാവസ്ഥ വ്യതിയാനം മൂലം കാലവർഷം രണ്ടുമാസം നീണ്ടുനിന്നതും, ഡാമിൽനിന്ന് നവംബർ, ഡിസംബർ, മാസങ്ങളിൽ ഇടക്കിടെ വെള്ളം തുറന്നുവിട്ടതും,അമിത വേലിയേറ്റം ദിവസങ്ങളോളം നീണ്ടുനിന്നതും സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പുറമെയാണ് പുതിയ പ്രതിസന്ധി. ഇതിൽനിന്നും കരകയറാനാകാതെ വിഷമിക്കുകയാണ് കർഷകർ.
ചെമ്മീൻ കെട്ടുകളുടെ ലൈസൻസ് കാലാവധി മാർച്ച് 31ന് അവസാനിക്കും. കാലാവധി മേയ് വരെ നീട്ടിനൽകി, കർഷകരെ ഈ വിഷമ സന്ധിയിൽ സഹായിക്കണമെന്ന് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, ജില്ല സെക്രട്ടറി എം.കെ. പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാറിനും ജില്ല കലക്ടർക്കും നിവേദനം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.