ഏറെ ശ്രദ്ധനേടിയ മലയാള സിനിമയായ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ന്റെ ഹിന്ദി റീമേക്കിൽ നായിക കഥാപാത്രത്തെ സാനിയ മൽഹോത്ര അവതരിപ്പിക്കും. ബുധനാഴ്ച സാനിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിവരം പങ്കുവെച്ചത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ന്റെ ഹിന്ദി റീമേക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഷൂട്ടിങ് ആരംഭിക്കാന്‍ കാത്തിരിക്കുകയാണെന്നെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. റീമേക്ക് ചെയ്യാനുള്ള റൈറ്റ്സ് ഹര്‍മാന്‍ ബാജ്വ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.
ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കഴിഞ്ഞ വർഷം ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.