ശ്രീലങ്കൻ ടീമിന്‍റെ ഇന്ത്യൻ പര്യടനം നാളെ ആരംഭിക്കുന്ന ടി 20 പരമ്പരയോടെ തുടക്കം കുറിക്കുമ്പോൾ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികളുടെയും ശ്രദ്ധ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജുവിലേക്ക് തന്നെയാണ്. സൂര്യകുമാർ യാദവിന് കൂടി പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്ന സാഹചര്യത്തിൽ സഞ്ജു സാംസണിന് ഉറപ്പായും നാളത്തെ ടി 20യിൽ അവസരം ലഭിക്കുമെന്നാണ് വിശ്വാസം. ഇഷാൻ കിഷനാണ് ഒന്നാം വിക്കറ്റ് കീപ്പറെങ്കിലും സഞ്ജുവിനെ ഒരു ബാറ്റ്‌സ്മാൻ റോളിൽ കളിക്കാനാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്ന് സൂചനകളുണ്ട്.
ലോകകപ്പില്‍ അവസരം ലഭിക്കുമോ?
സഞ്ചു സാംസണിനെ തിരഞ്ഞെടുത്തതു എന്തുകൊണ്ട് എന്ന് ചീഫ് സെലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സിലക്ടര്‍മാരുടെ പദ്ധതികളില്‍ ഇടമുണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്താൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനും ഇടമുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ടീം തിരഞ്ഞെടുപ്പിലൂടെ സെലക്ടർമാർ നൽകുന്നത്.
രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി എത്തിയതോടെ തളിരിട്ട പ്രതീക്ഷകൾ കൂടിയാണ് സഞ്ജുവിന്റെ തിരിച്ചുവരവിലൂടെ പൂവണിയുന്നത്. സഞ്ജുവിന്റെ മികവു തിരിച്ചറിഞ്ഞ് എക്കാലവും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ദ്രാവിഡിനു കീഴിൽ ഇത്തവണ സഞ്ജുവിന് തിളങ്ങാനാകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണിന്റെ ചില ‘സ്പെഷൽ ഷോട്ടുകൾ’ ഒരുപാട് ഉപകാരപ്പെടുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു. ഫോമിലാകുന്ന സമയത്ത് സഞ്ജു കളിക്കുന്ന പല ഷോട്ടുകളും കളിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ രോഹിത്, ഓസ്ട്രേലിയയിൽ പോകുമ്പോൾ അത്തരം ഷോട്ടുകൾ ടീമിന് ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘എന്തൊരു കഴിവുള്ള താരമാണ് സഞ്ജു. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുമ്പോഴൊക്കെ ആരാധകരെ ആവേശത്തിൽ ആറാടിക്കുന്ന പ്രകടനം സഞ്ജുവിൽനിന്ന് ഉണ്ടായിട്ടുണ്ട്. മികവു കാട്ടാനുള്ള പ്രതിഭ സഞ്ജുവിനുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം അതാണ്. പ്രതിഭയും കഴിവുമുള്ള ഒരുപാട് താരങ്ങളുണ്ട്. തന്റെ പ്രതിഭയും കഴിവും സഞ്ജു എങ്ങനെ ഉപയോഗിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്’ – വാർത്താ സമ്മേളനത്തിൽ രോഹിത് ചൂണ്ടിക്കാട്ടി.
‘ടീം മാനേജ്മെന്റ് എന്ന നിലയിൽ മത്സരം ജയിപ്പിക്കാനുള്ള കഴിവും അസാധാരണമായ പ്രതിഭയും ഞങ്ങൾ സഞ്ജുവിൽ കാണുന്നുണ്ട്. ഇന്ത്യൻ ജഴ്സിയണിഞ്ഞു കളിക്കുമ്പോൾ ആ ആത്മവിശ്വാസം സഞ്ജുവിന് പകരാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ – രോഹിത് പറഞ്ഞു.
സ്ഥിരതയില്ലായ്മ തിരിച്ചടിയോ??
ഇന്ത്യന്‍ ജഴ്‌സിയില്‍ തന്റെ മികവിനോട് നീതി പുലര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലാത്തത് അദ്ദേഹത്തിന്‍റെ സ്ഥിരതയില്ലായ്മ തന്നെയാണ്. കൂറ്റനടികള്‍ക്ക് ശ്രമിക്കുമ്പോള്‍ ക്യാച്ച് നല്‍കി പുറത്താകുകയാണ് അദ്ദേഹത്തിന്റെ പതിവ് ശൈലി.
“പ്രതിഭാശാലിയാണ് സഞ്ജു. ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അവനിപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ഐപിഎല്ലില്‍ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങളുണ്ടാകുന്നു. എന്നാല്‍ പിന്നീട് മൂന്നോ നാലോ മത്സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തും. ഈ സ്ഥിരതയില്ലായ്മ മറികടക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്.”- മുന്‍ താരം വസിം ജാഫര്‍ പറഞ്ഞു.
“രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി വന്നപ്പോള്‍ അദ്ദേഹത്തില്‍ മാറ്റം കണ്ടു. ഉത്തവാദിത്തതോടെ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ കാണാനായി. ഇത്തിരത്തിലുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എനിക്കേറെ ഇഷ്ടമുള്ള താരമാണ് സഞ്ജു. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”- ജാഫര്‍ പറഞ്ഞു.
തുടർച്ചയായി അവസരങ്ങൾ ലഭിച്ചില്ല
പത്തിലധികം ഇൻ്റർനാഷണൽ മാച്ചുകൾ കളിച്ചെന്ന് പറയുമ്പോഴും സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ കിട്ടിയിരുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഒന്ന് പരാജയം ആകുമ്പോഴേക്കും എടുത്തു പുറത്തിടുന്നവർ t20 യിലും ഏകദിനത്തിലും ചിലർക്ക് 50 ഇൽ പരം മത്സരം കൊടുക്കുന്നു. അതും തുടർച്ചയായ പരമ്പരകൾ. എന്നിട്ടും ഇത് വരെ ഈ 2 ഫോർമാറ്റിലും ക്ലിക്ക് ആകാത്തവർ ഇപ്പോളും സ്ഥിരം പ്ലയെർ ആയി ടീമിൽ തുടരുന്നു. അവരിൽ അർപ്പിച്ച വിശ്വാസത്തിന്റെ പകുതി സഞ്ജുവിൽ അർപ്പിച്ചിരുന്നെങ്കിൽ അയാൾ ഇന്ന് ടീമിന് ഒരു മുതൽക്കൂട്ട് ആകുമായിരുന്നു.
ഇതുവരെ 10 ടി20 മത്സരങ്ങളാണ് സഞ്ചു സാംസണ്‍ ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചട്ടുള്ളത്. എന്നാല്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ചു സാംസണിനു സാധിച്ചട്ടില്ലാ. 11.70 ശരാശരിയില്‍ 117 റണ്‍സാണ് മലയാളി താരത്തിന്‍റെ നേട്ടം.
അവസാനമായി ശ്രീലങ്കന്‍ പരമ്പരയിലാണ് സഞ്ചു സാംസണിനു അവസരം ലഭിച്ചത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.
ഐപിഎല്ലിലെ താരരാജാവ്
ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പിച്ചില്ലെങ്കിലും ഐപിഎല്ലിലെ താരരാജാവാണ് സഞജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ക്യാപ്റ്റനായി ഐപിഎല്ലില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഒരിക്കല്‍ കൊല്‍ക്കത്ത ന്റൈ്‌റ് റൈഡേഴ്സിന് സംഭവിച്ച പിഴവാണ് രാജസ്ഥാന് ഗുണമായി മാറിയത്.
2012 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ഐപില്ലിലേക്ക് സഞ്ജുവിന് വഴിതുറന്നത്. അടിസ്ഥാന വിലയായ എട്ട് ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊല്‍ക്കത്ത ടീമിലെടുത്തത്. എന്നാല്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം നല്‍കാതെ അവര്‍ തഴയുകയായിരുന്നു. മാത്രമല്ല അടുത്ത സീസണില്‍ റിലീസ് ചെയ്ത് അപമാനിക്കുകയും ചെയ്തു.
എന്നാല്‍ 2013 ല്‍ വിക്കറ്റ് കീപ്പര്‍ ദിഷന്ത് യാഗ്‌നിക്കിന് പരിക്കേറ്റ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവുമായി കരാര്‍ ഒപ്പിടുകയായിരുന്നു. 10 ലക്ഷം രൂപയാണ് സഞ്ജുവിന് രാജസ്ഥാന്‍ നല്‍കിയത്. ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ തന്നെ 41 പന്തില്‍ 63 റണ്‍സടിച്ചാണ് കൊല്‍ക്കത്തയോട് താരം പകരം വീട്ടിയത്.
ഈ മത്സരത്തിലൂടെ ഐപിഎല്ലില്‍ അര്‍ദ്ധശതകം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി സഞ്ജു മാറി. 10 ഇന്നിംഗ്സുകളില്‍ 206 റണ്‍സും 10 സ്റ്റംപിംഗുമായി മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരവും പിടിച്ചെടുത്തു. പിന്നീട് ചാംപ്യന്‍സ് ലീഗ് ട്വന്റി20 യില്‍ രാജസ്ഥാന് വേണ്ടി മുംബൈ ഇന്ത്യന്‍സിന് എതിരേ 47 പന്തുകളില്‍ 54 റണ്‍സ് കൂടി അടിച്ചു ചാംപ്യന്‍സ് ലീഗിലും അര്‍ദ്ധശതകം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.
2014 സീസണില്‍ സഞ്ജുവിന്റെ മൂല്യം നാല് കോടി രൂപയായി രാജസ്ഥാന്‍ ഉര്‍ത്തി. സീസണില്‍ 13 കളികളില്‍ 339 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. പിന്നീട് രാജസ്ഥാനെ ഐപിഎല്ലില്‍ നിരോധിച്ചപ്പോള്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സും 2016 ല്‍ താരത്തിന് അവസരം നല്‍കി. ഇവിടെ 291 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 2018 ല്‍ സീസണില്‍ വീണ്ടും രാജസ്ഥാനില്‍ വന്ന താരം അവര്‍ക്കായി 441 റണ്‍സ് നേടി. ആര്‍സിബിയ്ക്ക് എതിരേ പുറത്താകാതെ നേടിയ 91 റണ്‍സും അടുത്ത സീസണില്‍ പുറത്താകാതെ 102 റണ്‍സ് നേടി ഐപിഎല്ലില്‍ സെഞ്ച്വറിയും നേടി.
കഴിഞ്ഞ സീസണിലാണ് രാജസ്ഥാന്‍ സഞ്ജുവിനെ നായകസ്ഥാനത്തേക്കു ഉയര്‍ത്തിയത്. സഞ്ജു തന്നെയാണ് വരാനിരിക്കുന്ന സീസണിലും റോയല്‍സ് ക്യാപ്റ്റന്‍. 14 കോടിയ്ക്കാണ് സഞ്ജുവിന് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
107 മല്‍സരങ്ങളില്‍ നിന്നായി 133.75 സ്‌ട്രൈക്ക് റേറ്റില്‍ 2584 റണ്‍സ് അദ്ദേഹം ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞു. കൊല്‍ക്കത്ത യില്‍ ഒരു മത്സരം പോലും കളിപ്പിക്കാതിരുന്ന അവസ്ഥയില്‍ നിന്നുമാണ് സഞ്ജു റോയല്‍സി ന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്തി നില്‍ക്കുന്നത്. ഐപിഎല്ലില്‍ നിന്ന് മാത്രം 65 കോടിയോളം രൂപയാണ് സഞ്ജു സമ്പാദിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ ഇന്ത്യന്‍ ടീമിനൊപ്പം ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ലഭിച്ച അവസരങ്ങളൊന്നും ഇനിയും ശരിയായി വിനിയോഗിച്ചിട്ടില്ലാത്ത സഞ്ജു ഇത്തവണയെങ്കിലും ഈ കുറവ് തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.