കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ പോലീസിനെ ആക്രമിച്ച വാഹനം കത്തിച്ച സംഭവത്തിൽ രണ്ടു കേസുകളിലായി കുറ്റപത്രം സമർപ്പിച്ചു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പോലീസ് വാഹനം തകർത്ത് അഗ്നിക്കിരയാക്കിയ കേസിലും വ്യത്യസ്ത കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്.
ഒന്നാമത്തെ കേസിൽ 175 പേർക്കെതിരെയും രണ്ടാമത്തെ കേസിൽ 51 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. പ്രതികളെല്ലാം കിറ്റക്സ് കമ്പനിയിലെ തൊഴിലാളികളാണ്.
കഴിഞ്ഞ ഡിസംബർ 25ന് രാത്രിയാണ് കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സംഘർഷം അരങ്ങേറിയത്. പിന്നാലെ സ്ഥലത്തെത്തിയ പോലീസിനെ തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പോലീസ് വാഹനം അടിച്ചുതകർത്ത ശേഷം അക്രമികൾ തീയിട്ടു. പിന്നീട് കൂടുതൽ പോലീസ് എത്തിയതാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിനെ തൊഴിലാളികൾ ആക്രമിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. പൊലീസിനെ ആക്രമിച്ചത് കിറ്റെക്സിലെ ഇരുനൂറിലധികം അതിഥി തൊഴിലാളികൾ ചേർന്നെന്നാണ് എഫ് ഐ ആർ. 11 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുകൾ ചുമത്തിയത്.