തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍ ഷംസുദ്ദീൻ്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും എതിരെ പോലീസ് കര്‍ശന നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ സംസ്ഥാനത്ത് 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
18.05.2011 മുതല്‍ 24.05.2016 വരെയുള്ള യു ഡി എഫ് സര്‍ക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് 35 രാഷ്ട്രീയ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ എൽ ഡി എഫ് സര്‍ക്കാരിൻ്റെ കാലത്ത് (25.05.2016 മുതല്‍ 19.05.2021 വരെ) സംസ്ഥാനത്ത് ആകെ 26 രാഷ്ട്രീയ കൊലപാതക കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സിറ്റി ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുന്നോല്‍ താഴെ വയല്‍ എന്ന സ്ഥലത്ത് വച്ച് 21.02.2022 ന് പുലര്‍ച്ചെ 1.20 മണിയോടെ സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസനെ വീടിന് സമീപം വച്ച് ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് IPC 302, 34 എന്നീ വകുപ്പുകള്‍ പ്രകാരം ന്യൂമാഹി പോലീസ് ക്രൈം. 183/2022 ആയി കേസ് രജിസ്റ്റര്‍ ചെയ്തു.
കേസിൻ്റെ അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 13.02.2022 ല്‍ എടക്കാട് തോട്ടടയിലുളള ഷമിലിൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന എച്ചൂര്‍ നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും പ്രദേശവാസികളും തമ്മില്‍ വിവാഹ തലേദിവസം ചില തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് പിറ്റേ ദിവസം ഒരു വിഭാഗം ബോംബ് എറിയുന്ന സ്ഥിതിയുമാണ് ഉണ്ടായത്. അതിൻ്റെ ഫലമായി ജിഷ്ണു എന്നയാള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഈ സംഭവത്തില്‍ എടക്കാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 6 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കിഴക്കമ്പലത്ത് 12.02.2022 ല്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപു എന്നയാളുമായി വാക്കുതര്‍ക്കമുണ്ടായി, ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതിയുമുണ്ടായി. തുടര്‍ന്ന് 14.02.2022 ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. 18.02.2022 ന് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമാണ് ചെയ്തത്. ഈ സംഭവത്തില്‍ പ്രതികളെ 16.02.2022-ല്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മരണപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ IPC 302 വകുപ്പ് കൂട്ടിച്ചേര്‍ത്ത് പെരുമ്പാവൂര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അന്വേഷണം നടത്തിവരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ 16.01.2022 ല്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് കൊണ്ടിട്ട സംഭവം ഉണ്ടായിട്ടുണ്ട്.
സംഭവത്തിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ ഒന്നാം പ്രതിയായ ജോമോനെതിരെ കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കാപ്പാ അഡൈ്വസറി ബോര്‍ഡ് മുമ്പാകെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവരുടെ ഉത്തരവ് പ്രകാരം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്. ഇതിലെ രണ്ടാം പ്രതിക്കെതിരെയും ഇത്തരം നിലപാട് പോലീസ് സ്വീകരിച്ചിരുന്നുവെങ്കിലും കാപ്പാ അഡൈ്വസറി ബോര്‍ഡ് റദ്ദു ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്. 11.12.2021 ന് പോത്തന്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് സുധീഷ് എന്നയാളെ വെട്ടി കൊലപ്പെടുത്തിയതിന് പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കേസിലുള്‍പ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടി സീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിൻ്റെ കാലയളവില്‍ 1,677 കൊലപാതക കേസുകളാണ് ഉണ്ടായത്. എന്നാല്‍ 25.05.2016 മുതല്‍ 19.05.2021 വരെയുളള കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിൻ്റെ കാലയളവില്‍ 1516 കൊലപാതക കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്കെതിരെയുളള ആക്രമങ്ങളുമായി ബന്ധപ്പെട്ട് 86390 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കേസുകളിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് അതുമായി ബന്ധപ്പെട്ട് ആരംഭിച്ച പിങ്ക് പട്രോള്‍ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനെ സഹായിക്കാനായി നിര്‍ഭയ വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1091 എന്ന വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പരും പ്രവര്‍ത്തിച്ച് വരുന്നു. ഗുണ്ടാ ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതതു ജില്ലകളിലെ സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളെയും മറ്റു പ്രവര്‍ത്തനങ്ങളെയും നീരീക്ഷിച്ചുവരുന്നു. എസ്.എച്ച്.ഒ.മാരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടകളുടെ പ്രവര്‍ത്തനം പ്രത്യേകം നിരീക്ഷിച്ചു വരുന്നു. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യുന്നതിന് ഓപ്പറേഷന്‍ കാവല്‍ എന്ന പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമാണെന്ന് കാണുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് KAAPA വകുപ്പുകള്‍ പ്രകാരമുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
ജില്ലാ പോലീസ് മേധാവിമാര്‍ കുറ്റവാളികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് പോലീസ് സ്റ്റേഷന്‍ തലത്തില്‍ ഹിസ്റ്ററി ഷീറ്റുകള്‍ തയ്യാറാക്കി സൂക്ഷിക്കുന്നുണ്ട്. 18.12.2021 മുതല്‍ 15.02.2022 വരെ ഓപ്പറേഷന്‍ കാവല്‍ പദ്ധതി പ്രകാരം 904 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമപ്രകാരവും 63 പേര്‍ക്കെതിരെ KAAPA നിയമപ്രകാരവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1457 പേരെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്ത് നിയമനടപടിയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി. കേരളം ക്രമസമാധാനം തകര്‍ന്ന നാടായി മാറണമെന്ന അദ്ദേഹത്തിൻ്റെ മോഹമാണ് ഇതില്‍ കണ്ടത്. വിചിത്രമായി തോന്നിയ ഒരു കാര്യം നിങ്ങള്‍ നടത്തിയ ദാരുണമായ കൊലപാതകങ്ങളൊന്നും പരാമര്‍ശിക്കാതെ പോയത് എന്തുകൊണ്ടാണ്. ഈ അടുത്ത ദിവസമാണ് ഇടുക്കിയിലെ കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയത്.
അവിടുത്തെ കെ എസ് യു നേതാവ് തന്നെ പറഞ്ഞത് പുറത്തുനിന്ന് വന്നയാളുകളാണ് കൊലപാതകം നടത്തിയത് എന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലായെന്നുമാണ്. ഇത് കാണിക്കുന്നത് ക്യാമ്പസുകളെപോലും സംഘര്‍ഷവേദിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ബിജെപിയും എസ്ഡിപിഐയും പരസ്പരം നടത്തിയ കൊലപാതകങ്ങളില്‍ ചിലര്‍ കൊല്ലപ്പെട്ടത്. ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. സംഭവത്തെ അപലപിക്കാതെ പോലീസിനെ കുറ്റപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. പാലക്കാട്ടും ബിജെപി പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 3 എണ്ണത്തില്‍ പ്രതികളായത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. രണ്ടെണ്ണത്തില്‍ പ്രതികളായത് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഒരെണ്ണത്തില്‍ കോണ്‍ഗ്രസ്സുകാരും. ഇത് കാണിക്കുന്നത് എന്താണ്? കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗ്ഗീയ ശക്തികളും നിങ്ങളുമാണ് കാരണക്കാരായിട്ടുള്ളത്. കൊലക്കത്തി എടുത്തവര്‍ കൊലക്കത്തി താഴെ വച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നാണ് ഇത് കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച് മുന്നോട്ടുപോകേണ്ട ഘട്ടത്തില്‍ അതിന് പകരം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നിങ്ങളുടെ ശ്രമം ആരെ സംരക്ഷിക്കാനാണ്. നിങ്ങള്‍ക്ക് പങ്കാളിത്തമുള്ള കൊലപാതക പരമ്പരകളിലേക്ക് ഞാന്‍ കടക്കുന്നില്ല.
തിരുവനന്തപുരത്ത് നടത്തിയത് ഇരട്ടകൊലപാതകമാണ്. 25.01.2021 മുതല്‍ 21.02.2022 വരെ നടന്ന 6 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 3 സിപിഐ(എം) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്ന് കാണാവുന്നതാണ്. ഇതില്‍ എസ്ഡിപിഐ, ആര്‍എസ്എസ്, ബിജെപി, യൂത്ത്‌കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരാണ് പ്രതികളായിട്ടുള്ളത്. ഇത് കാണിക്കുന്നത് എന്താണ്? കേരളത്തില്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും എല്ലാം ചേര്‍ന്ന് നാട്ടിനെ കുരുതിക്കളമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം കൊലപാതകങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് വാട്ട്‌സ്അപ്പില്‍ സന്ദേശമയക്കാതെ ഒരു പോസ്റ്റര്‍ പോലും ഒട്ടിക്കാതെ ഫോണുകളില്‍ സംസാരിക്കാതെ ഒരു അപ്രതീക്ഷിത പ്രതിഷേധമെന്ന് പറഞ്ഞ് ബിജെപിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളിലും മറ്റും പ്രകടനവും അക്രമവും ഉണ്ടാക്കാന്‍ പ്ലാനിംഗ് ഉണ്ടായത്. ഇതിനെ കണ്ടെത്തിയത് പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗമാണ്. അവരുടെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപിയുടെ പരിശ്രമത്തെ തടഞ്ഞതെന്ന് നിങ്ങള്‍ മറക്കരുത്. എന്തേ ഇവരെ പറ്റിയും ഇത്തരം സംഭവങ്ങളെപ്പറ്റിയും നേരിയ ഒരു പരാമര്‍ശം ഇല്ലാതെ പോകുന്നത്.
കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത വാട്ട്‌സ്അപ്പ് ഹര്‍ത്താലിനും കേരളം സാക്ഷ്യംവഹിച്ചു. കലാപമുണ്ടാക്കാനുള്ള ആ പരിശ്രമത്തെ പരാജയപ്പെടുത്തിയതും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും കേരള പോലീസല്ലേ? ഇവിടെ സംഭവിക്കുന്നത് എന്താണ് ? നിങ്ങളും വര്‍ഗ്ഗീയ ശക്തികളും ഒരുങ്ങി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നമാണ് കേരളത്തിലുള്ളത്. അത് നിയന്ത്രിക്കാന്‍ പോലീസിൻ്റെ ശക്തമായ ഇടപെടല്‍ നടക്കുന്നുവെന്നതാണ് ഒരോ സംഭവങ്ങള്‍ നടക്കുമ്പോഴും പ്രതികളെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യുന്ന പോലീസിൻ്റെ മികവ് കാണിക്കുന്നത്. രാജ്യത്തെ എല്ലായിടങ്ങളിലും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് സംഘപരിവാര്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ വര്‍ഗ്ഗീയ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാക്കി നമ്മുടെ നാടിനെ നിലനില്‍ക്കാന്‍ കഴിഞ്ഞതില്‍ പിന്നില്‍ പോലീസിൻ്റെ പങ്ക് നാം വിസ്മരിക്കരുത്.
പശുവിൻ്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്ന സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ഇത്തരം ഇടപെടലുകളാണ് ഇന്ത്യയിലെ എറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് എന്ന് നിങ്ങള്‍ വിസ്മരിക്കരുത്. പോലീസ് ക്രമസമാധാനപാലനത്തിനും കേസന്വേഷണത്തിനും മാത്രമല്ല, ഈ നാട്ടിലെ എല്ലാ പ്രസായസങ്ങളിലും ജനങ്ങളോടൊപ്പം അണിനിരന്ന് കൈത്താങ്ങായി അവരുണ്ടായിരുന്നു. പ്രളയത്തിൻ്റെ നാളുകളില്‍ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ചുമതല നിര്‍വഹിച്ച് മുന്‍പന്തിയില്‍ തന്നെ അവരുണ്ടായിരുന്നു. കോവിഡ് കാലത്ത് 16 പേരാണ് രോഗബാധിതരായി മരണപ്പെട്ടത് എന്ന കാര്യം നാം വിസ്മരിക്കരുത്.
അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുകയും അക്രമികളെ പിന്തുണക്കുകയും ചെയ്യുന്ന നേതൃത്വം സംഘടനയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം സ്ഥിതിഗതികള്‍ ഉണ്ടായിരിക്കുമെന്ന് കാണാതിരിക്കുന്നില്ല. ധീരജ് കൊലപാതകത്തെ മനസാക്ഷിയുള്ളവരെല്ലാം അപലപിച്ചപ്പോഴും അതിനെ ന്യായീകരിക്കാന്‍ തയ്യാറായ നിങ്ങളുടെ നേതാവിൻ്റെ മനോഭാവം കേരളത്തിന് മറക്കാനാവുമോ? അക്രമികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന പരസ്യമായ ആഹ്വാനവും നല്‍കിക്കൊണ്ട് ഇത്തരം കൊലപാതകങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും പരസ്യമായി നല്‍കുകയാണ്. സമൂഹത്തില്‍ ഉണ്ടാകുന്ന എല്ലാ തിന്മകള്‍ക്കെതിരെയും ശക്തമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
18.12.2021 മുതല്‍ 15.02.2022 വരെ ഓപ്പറേഷന്‍ കാവല്‍ പദ്ധതി പ്രകാരം 904 ഗുണ്ടകള്‍ക്കെതിരെ കേസെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ 63 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങളില്‍ പ്രതികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നീതി നടപ്പിലാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരള പോലീസ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ പണ്ട് ഇതില്‍ പണ്ടു തെറ്റായി ഇടപെട്ടവര്‍ക്ക് പോലീസിൻ്റെ ഈ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ വിഷമമുണ്ടാവും. അവരാണ് തുടര്‍ച്ചായി പോലീസിനെതിരെ രംഗത്തുവരുന്നത്.
ഇത്രയും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന പോലീസിനെ നിര്‍വീര്യമാക്കുക എന്ന ആവശ്യവുമായി നടക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത് വര്‍ഗ്ഗീയ ശക്തികളും തീവ്രവാദികളും അരാജകവാദികളുമാണ്. അവരാണ് നിരന്തരമായി നിസാര സംഭവങ്ങളെ പോലും വലുതാക്കി കാണിച്ച് പോലീസിനെ ആക്ഷേപിക്കാനും നിര്‍വ്വീര്യമാക്കാനും ശ്രമിക്കുന്നത്. ഇല്ലാത്ത സംഭവങ്ങള്‍ ഉണ്ടാക്കി പോലീസ് വര്‍ഗ്ഗീയമായി ഇടപെടുന്നുവെന്ന് പ്രചരിപ്പിച്ച സംഭവം നാം കണ്ടതാണ്. ഇത്തരം ശക്തികളുടെ വക്താക്കളായി നിങ്ങള്‍ മാറാന്‍ ഇടയാവരുത്. ഇവരെ തുറന്നുകാട്ടി മുന്നോട്ടുപോകാന്‍ നമുക്കാവണം.
കേസ് അന്വേഷിച്ച് പ്രതികളെ കണ്ടുപിടിച്ചില്ലായെന്ന വിമര്‍ശനം ഇപ്പോള്‍ കേള്‍ക്കാനില്ല. അഴിമതിയുടെ ഭാഗമായി കേസുകള്‍ അട്ടിമറിച്ചുവെന്ന വിമര്‍ശനവും ഇല്ലാതായിരിക്കുന്നു. ഇപ്പോഴുള്ള പരാതികള്‍ ചില പെരുമാറ്റങ്ങള്‍ സംബന്ധിച്ച് മാത്രമുള്ളതാണ്. അത് പോലീസിന്റെ പൊതുവായ മുഖമല്ല. സര്‍ക്കാരിൻ്റെ പൊതുവായ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ മറ്റു പല വകുപ്പിലും സ്വീകരിക്കുന്നതുപോലുള്ള നടപടികള്‍ പോലീസിലും സ്വീകരിച്ചിട്ടുണ്ട്. തെറ്റായ സമീപനങ്ങളെ ഒരിക്കലും സര്‍ക്കാര്‍ ഒരു വകുപ്പിലും അംഗീകരിച്ച് പോയിട്ടില്ല. അതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ ജനസൗഹാര്‍ദ്ദപരമായ രീതിയിലേക്ക് പോലീസ് മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എറ്റവും ആധുനികവല്‍ക്കരിക്കപ്പെട്ട പോലീസ് സംവിധാനം എന്ന രീതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുകയാണ്.
സൈബര്‍ഡോം പോലുള്ള സംവിധാനങ്ങള്‍ വാരിക്കൂട്ടിയ ദേശീയവും അന്തര്‍ദേശീയവുമായ അംഗീകാരങ്ങള്‍ ഇന്നലെ പറഞ്ഞതാണ്. പുതിയ സാഹചര്യത്തില്‍ രണ്ട് വിഭാഗങ്ങള്‍ കൂടി പോലീസിനകത്ത് ആരഭിക്കുന്നുണ്ട്. സൈബര്‍ക്രൈം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സൈബര്‍ കുറ്റാന്വേഷണ വിഭാഗം പോലീസില്‍ ആരംഭിക്കാന്‍ പോകുന്നുണ്ട്. ഇപ്പോള്‍ പുതുതായി ഉയര്‍ന്നുവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിന് എക്‌ണോമിക് ക്രൈം വിംഗും ആരംഭിക്കുന്നുണ്ട്. ഇങ്ങനെ പോലീസിനെ ആധുനികവല്‍ക്കരിച്ച് ജനസൗഹാര്‍ദ്ദപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവിഷ്‌ക്കരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ക്രമസമാധാനപാലനമുള്ള സംസ്ഥാനമായി നമ്മുടെ നാട് ഉയരാനാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.