മലയാളത്തിന്റെ അഭിനയ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. മലയാള സിനിമാ രംഗത്ത് എന്നും എക്കാലവും ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് കെപിഎസി ലളിത. ലളിത ചേച്ചി സിനിമാ രംഗത്തുള്ളവര്‍ സ്‌നേഹത്തോടെ വിളിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും കെപിഎസി ലളിത സഹോദരിയും അമ്മയുമൊക്കെയാണ്. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് താരത്തിന്റെ ജനനം. ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന പേര് ലളിതക്ക് വീണത്. നാലു സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ.
നൃത്തത്തിലായിരുന്നു ലളിതക്ക് ആദ്യം താത്പര്യം. അരങ്ങേറ്റമെന്ന് പറയാവുന്ന നൃത്തമത്സരം രാമപുരത്ത് സ്‌കൂളിലായിരുന്നു. അതും എക്കാലത്തെയും മികച്ച വിപ്ലവപ്പാട്ടുകളില്‍ ഒന്നായ ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’ എന്ന വരികള്‍ക്കൊത്ത്. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടക രംഗത്തേക്ക് ലളിത എത്തുന്നത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ അവർ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്ന പേരിട്ടത്. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.
കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ. അതിനു ശേഷം സിനിമയിൽ സജീവമായി. 1978ൽ ഭരതനെ വിവാഹം കഴിച്ചു. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.
1998 ജൂലൈ 29 ന് ഭര്‍ത്താവ് ഭരതന്റെ വേര്‍പാടിന് ശേഷം സിനിമയില്‍ നിന്ന് വീണ്ടും ഒരു ഇടവേള എടുത്തു. 99ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി. ശേഷം 2000ത്തില്‍ പുറത്തിറങ്ങിയ ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അലൈ പായുതെ, വാല്‍ക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലും കെപിഎസി ലളിത വേഷമിട്ടു. മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളില്‍ വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ കെപിഎസി ലളിതയെ തേടിയെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് വട്ടം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ്.
മലയാള സിനിമാ ലോകത്തുള്ളവർ എല്ലാം കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരണമറിയിച്ചു. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ലളിതാന്റിയോടൊപ്പം വെള്ളിത്തിര പങ്കിടാന്‍ കഴിഞ്ഞതില്‍ ഭാഗ്യമെന്ന് പൃഥ്വിരാജ് പറഞ്ഞു. വലിയൊരു കാലഘട്ടത്തിലെ നടിയാണ് കെപിഎസി ലളിത ചേച്ചിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഓരോരുത്തരായി നമ്മുടെ മുന്‍പില്‍ ഇങ്ങനെ കൊഴിഞ്ഞുപോകുകയാണ്. ഒരുപാട് സിനിമകള്‍ ആ വലിയ നടിക്കൊപ്പം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഓര്‍മിച്ചു. ഏത് ചെറിയ വേഷം പോലും വളരെ രസകരമായി ചെയ്യുന്ന നടിയാണ് കെപിഎസി ലളിതയെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു.
സിനിമയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ചേച്ചിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. എനിക്ക് വലിയ നഷ്ടമാണ്. കാരണം, അത്രമാത്രം ആത്മബന്ധമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. എല്ലാ തലമുറയുടെയും കൂടെ സഹകരിച്ചിട്ടുള്ള നടിയാണ്. ഞാന്‍ സഹസവിധായകനായി സിനിമയിലെത്തിയ സമയം മുതല്‍ ചേച്ചിയുമായി ബന്ധമുണ്ടായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത എത്രയോ സിനിമകളില്‍ ചേച്ചി അഭിനയിച്ചു എന്നും കമല്‍ പ്രതികരിച്ചു.
സിനിമാലോകം മാത്രമല്ല കെപിഎസി ലളിതയുടെ വിയോഗത്തിൽ രാഷ്ട്രീയ മേഖലയിലുള്ളവരും അനുശോചനം അറിയിച്ചു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സ്വന്തം നിലപാടുകളും രാഷ്ട്രീയവും ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തിയാണ് കെപിഎസി ലളിതയെന്ന് കെ കെ ശൈലജ എംഎല്‍എ പറഞ്ഞു. സ്വന്തം രാഷ്ട്രീയവും നിലപാടുമൊക്കെ പരസ്യമായി പറയാന്‍ കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മടിയാണ്. പക്ഷേ കെപിഎസി ലളിത അക്കാര്യം ആര്‍ജവത്തോടെ തുറന്നുപറഞ്ഞു. എക്കാലത്തും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയിരുന്ന നടിയാണ് വിടപറഞ്ഞതെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലിയെന്ന് വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദീര്‍ഘനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നെങ്കിലും താരത്തിന്റെ വേർപ്പാട് തികച്ചും അപ്രതീക്ഷിതമായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ. കെപിഎസി ലളിത എന്ന മലയാള സിനിമയുടെ ഈ അഭിനയ വിസ്മയത്തെ മലയാള സിനിമയുള്ളിടത്തോളം കാലം ഓർമിക്കപ്പെടും.