തിരുവനന്തപുരം: പേട്ടയിൽ പെൺകുട്ടിയും ആൺസുഹൃത്തും ചേർന്ന് ജനനേന്ദ്രിയം ഛേദിച്ച കേസിൽ വിശദമായ വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ. തെറ്റ് ചെയ്തുവെന്ന് ലോകം മുഴുവൻ പറഞ്ഞപ്പോഴും ഞാൻ പ്രതികരിച്ചില്ല. സംഭവത്തിൽ ഡി.ജി.പി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും ഗംഗേശാനന്ദ ആവശ്യപ്പെട്ടു.
തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ബി സന്ധ്യയാണ്. എല്ലാം അവരുടെ അറിവോടെയാണ് നടന്നത്. സംഭവങ്ങളില്‍ ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
ലിംഗംമുറിച്ച കേസില്‍ ആദ്യ എഫ്‌ഐആറിലുണ്ടായിരുന്നത് 9 ചാര്‍ജ് ഷീറ്റുകളാണ്. പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ പോക്‌സോ കേസ് ഉള്‍പ്പെടെ ഒഴിവാക്കി. തന്റെ ലിംഗം ഛേദിച്ചത് ആരാണെന്നറിയില്ല. ബോധം കെടുത്തിയാണ് കൃത്യം നടത്തിയത്. ഇരുട്ടായതിനാല്‍ ആരെയും തനിക്ക് മനസിലായിരുന്നില്ല. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗംഗേശാനന്ദ പറഞ്ഞു.
ആ പെണ്‍കുട്ടിയും യുവാവും മാത്രം വിചാരിച്ചാല്‍ അത് ചെയ്യാന്‍ കഴിയില്ല. തനിക്കെതിരെ ആക്രമണം നടത്തിയതിനുപിന്നില്‍ വലിയൊരു സംഘത്തിന്റെ ഗൂഡാലോചനയുണ്ട്. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചട്ടമ്പിസ്വാമി ജന്മസ്ഥാനം ബി സന്ധ്യയും കുടുംബവും കയ്യടക്കിവച്ചിരിക്കുകയാണെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.
2017 മേയിൽ തിരുവനന്തപുരം പേട്ടയിൽ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിർന്നപ്പോൾ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാർഥിനിയുടെ പരാതി. എന്നാൽ കോടതിയിൽ കേസ് എത്തിയപ്പോൾ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകൻ അയ്യപ്പദാസിന്‍റെ നിർബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെൺകുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേർക്കേണ്ട സാഹചര്യമായതിനാൽ കേസിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.