തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ഗ്രന്ഥ രചനയ്ക്ക് അനുമതി വാങ്ങിയോ എന്നതിൽ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ ഒരൊറ്റ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുകയാണെന്നും സുധാകരന് ആരോപിച്ചു.
സുദീർഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കൈയ്യൊഴിയാനാവില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
കേരള സർവീസിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് മാത്രം ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വർണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലിൽ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങൾ നേരിടുന്ന ഈ ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടി.
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ അദ്ദേഹം പുസ്തകത്തിൽ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശിവശങ്കറിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഡോളർകടത്തു കേസും രാജ്യദ്രോഹക്കുറ്റ കേസുമെല്ലാം വർഷങ്ങളായി ഇഴയുകയാണ്. ഇതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധകൂട്ടുകെട്ടാണെന്നും സുധാകരൻ പറഞ്ഞു.