മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് കണക്ക്. 14 പേരെ കാണാതായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നു. പ്രാഥമിക വിലയിരുത്തൽ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് അന്ന് സംസംഭവിച്ചത്.
2018ലെ ഈ മഹാപ്രളയത്തിന് ശേഷം ആദ്യം പ്രഖ്യാപിച്ച ഒരു പദ്ധതിയായിരുന്നു ആദിപമ്പ വരട്ടാർ പുനരുജ്ജീവനപദ്ധതി. ജനകീയ പങ്കാളിത്തത്തോടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജലവിഭവവകുപ്പിന്റെ 770 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നദീതീരത്ത് നടപ്പാതയും ജൈവ വൈവിധ്യ പാര്‍ക്കും നിർമ്മാണ പ്രവൃത്തിയിലുണ്ട്. 2.20 കോടി രൂപയാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്. എന്നാൽ പദ്ധതിയുടെ ലക്ഷ്യം നദി പുനരുജ്ജീവനം എന്നൊക്കെ ആണെങ്കിലും ഇവിടെ നടക്കുന്നത് അനധികൃത മണലൂറ്റാണ്. പ്രാദേശിക ഭരണകൂടത്തെ പോലും നോക്കുകുത്തിയാക്കിയാണ് ഇവരുടെ മണലൂറ്റ്. പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഇറിഗേഷൻ വകുപ്പിൻറെ മേൽനോട്ടത്തിലാണ് ഈ മണലൂറ്റ് നടക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്.
പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമാക്കിയിരുന്നത്. ഇതിന് പ്രദേശവാസികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിർത്തി മണ്ണ് നീക്കി നദിയിൽ ഒഴുക്ക് പുനസ്ഥാപിക്കും എന്നായിരുന്നു പ്രഖ്യാപനം. ഇരുകരകളിലും അടിഞ്ഞ മണ്ണ് നീക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുകയെന്നു പറഞ്ഞെങ്കിലും വെള്ളത്തിൽ നിന്നു മണൽ ഖനനം ചെയ്ത് അരിച്ചു കൂട്ടുകയാണിവിടെ. മണൽ വേർതിരിച്ചു കഴുകിയെടുക്കാൻ വിവിധയിനം അരിപ്പകളും, തീരത്തോടു ചേർന്നു ചെറിയ കുളങ്ങളും നിർമിച്ചിട്ടുണ്ട്. മണൽച്ചാക്ക് അടുക്കിയും ചാലു കീറിയും പ്ലാസ്റ്റിക് വിരിച്ചുമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അനുവാദം കൂടാതെ പ്രവേശിക്കരുതെന്നു കാട്ടി പ്രദേശത്തു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പെട്ടന്നൊരുദിവസം യാതൊരു മുന്നൊരുക്കങ്ങളും പരിസ്ഥിതി ആഘാത പഠനങ്ങളും നടത്താതെ ഒരു സുപ്രഭാതത്തിൽ മണൽഖനനം ആരംഭിക്കുകയായിരുന്നു ഇവിടെ എന്നാണ് നാട്ടുകാർ പറയുന്നത്.
മണൽ ശേഖരിക്കുന്നതിന് വ്യത്യസ്തമായ പല രീതികളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മൂല്യമുള്ള മണൽ വേര്തിരിച്ചെടുക്കുന്നതിന് കാലതാമസം ആവശ്യമായതിനാൽ അടുത്ത കാലവർഷത്തിനു മുൻപ് പോലും അടിഞ്ഞു കൂടിയ മണ്ണും മാലിന്യങ്ങളും, കുന്നുപോലെ കൂട്ടിയിട്ട മണലും മാറ്റാൻ
ഇവർക്ക് കഴിയില്ല. ഈ മണൽ സമീപപ്രദേശത്തെ ജലസ്രോതസ്സുകളെ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കംചെയ്യാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. പ്രവർത്തി നടക്കുന്ന കരാറുകാരുടെ പേര്, പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങുന്ന ഒരു ബോർഡു പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. പദ്ധതിയുടെ നടത്തിപ്പുകാരായ ഇറിഗേഷൻ വകുപ്പിനോട് പലതവണ ആവശ്യപ്പെട്ടിട്ടും ജിയോളജി വകുപ്പിന്റെ അനുമതി വിവരങ്ങളും പദ്ധതിയുടെ വിശദമായ ഡിപിആറും തരാൻ തയ്യാറായില്ല എന്നും നാട്ടുകാർ പറയുന്നു.
വഞ്ഞിപ്പോട്ടിൽ കടവിൽ 300 മീറ്ററോളം വീതിയുള്ള ഭാഗത്ത് 100 മീറ്റർ വീതിയിൽ മാത്രമേ മണ്ണ് നീക്കുന്നുളളൂ എന്നാണ് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ ശേഖരിക്കുന്ന മണ്ണ് അളന്ന ശേഷം മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൽ പണം അടച്ച ശേഷം എക്‌സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ നൽകുന്ന പാസ് നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ മണ്ണ് ഖനനം ചെയ്യുന്നതിന് എത്ര രൂപ ചെലവഴിക്കും ? റോയൽറ്റി തുക കണക്കാക്കി മണ്ണ് നീക്കുന്നതിന് സുതാര്യത ഉറപ്പാക്കാനുള്ള ക്രമീകരണമെന്ത് ? 300 മീറ്റർ വീതിയുള്ള ഭാഗത്തെ തെങ്ങ്, മാവ് തുടങ്ങിയ മരങ്ങൾ ലേലം ചെയ്യുന്നതിലും വ്യക്തതയില്ല. ഒഴുക്ക് പുനഃസ്ഥാപിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് ആദിപമ്പ– വരട്ടാർ പുനരുജ്ജീവന പദ്ധതി ഗതി മാറി ഒഴുകുന്നെന്നാണ് പരക്കെ ആക്ഷേപം. വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നത്. ഇത്തരത്തിൽ ഇവിടെ ഖനനം തുടർന്നാൽ ഈ പ്രദേശം തന്നെ ഇല്ലാതാകും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
അതേസമയം, ഇടനാട് വഞ്ചിപ്പോടിൽ കടവിൽ നടക്കുന്ന മണലൂറ്റ് ഭരണ കക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടു കൂടെയാണെന്നു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണൽ നീക്കുവാൻ പാടില്ല എന്ന നിയമം നിലനിൽക്കെ ആ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് അനധികൃത മണലെടുപ്പ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറല്ലെങ്കിൽ ശക്തമായ സമര നടപടികളുമായി യൂത്ത് മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ അറിയിച്ചു. ചെങ്ങന്നൂരിൽ മണ്ണ് മാഫിയക്കും മണൽ മാഫിയക്കും കുട പിടിക്കുന്ന രീതിയിലാണ് അധികാര രാഷ്ട്രീയ കേന്ദ്രങ്ങൾ മുന്നോട്ട് പോകുന്നത്. ഇതു തുടർന്നാൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും അവർ പറഞ്ഞു.