മലപ്പുറം: ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് പി വി അൻവർ എം എൽ എ പ്രവാസി എൻജിനീയറെ വഞ്ചിച്ചു എന്ന കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് മഞ്ചേരി സിജെഎം കോടതി മടക്കി . കേസിൽ തുടരന്വേഷണം നടത്താനും ഉത്തരവിട്ടു. 50 ലക്ഷം രൂപ തട്ടി എടുത്തു എന്ന് കാണിച്ച് നടുത്തൊടി സലീമാണ് പരാതി നൽകിയത്.
കേസ് ക്രിമനലല്ലെന്നും സിവിൽ കേസ് മാത്രമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. കേസിൽ വസ്തുതയുണ്ടെന്ന് ഇടക്കാല റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും തുടരന്വേഷണം വേണമെന്നും മഞ്ചേരി സി ജെ എം രശ്മി എസ് ഉത്തരവിൽ പറയുന്നു. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് അൻവറും മറ്റ് പങ്കാളികളും ചേർന്ന് ഒപ്പ് വെച്ച രേഖ ഹാജരാക്കാത്തത് കോടതി ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ സിവിൽ കേസ് മാത്രമായി ഇതിനെ കാണാനാവില്ല. വഞ്ചിക്കാനുള്ള ഉദ്ദേശ്യം അൻവറിനില്ലെന്ന് പറയാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.