അടിമാലി: വീടുകൾ വാടകക്കെടുത്ത് അടിമാലിയിൽ പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്. അടിമാലി പൊലീസ് സ്റ്റേഷന് ഒരുകിലോമീറ്റർ ചുറ്റളവിൽ നാലിടങ്ങളിലായി പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നെന്നാണ് ഇൻറലിജൻസ് വിഭാഗം ഒരാഴ്ച മുമ്പ് പൊലീസ് അധികാരികൾക്ക് നൽകിയ റിപ്പോർട്ട്.
ചിന്നക്കനാലിൽ ജോലിയുള്ള ആളുടെ നേതൃത്വത്തിൽ അടിമാലി പട്ടണത്തോട് ചേർന്നുള്ള വാടകക്കെട്ടിടത്തിൽ അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വിദൂര ജില്ലകളിലെ യുവതികളാണ് ഇവിടെയുള്ളത്. ഉന്നതരാണ് ഇടപാടുകാർ. പൊലീസിൻറെ അറിവോടെയാണ് പ്രവർത്തനം.
അടിമാലിയിലെ ഒരു യുവതിയുടെ നേതൃത്വത്തിലും അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നു. ഇത്തരം കേന്ദ്രങ്ങളോട് ചേർന്ന് താമസിക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുന്നതിനാൽ വിവരം പുറത്തുപറയാൻ അയൽവാസികൾ ഭയക്കുകയാണ്. ഒരുവർഷം മുമ്പ് അടിമാലി കൂമ്പൻപാറയിൽ ഹോംസ്‌റ്റേ റെയ്ഡ് നടത്തിയ പൊലീസ് വൻ അനാശാസ്യ സംഘത്തെ പിടികൂടിയിരുന്നു.
ഇതിൽ ഉൾപ്പെട്ട യുവതികൾക്കെതിരെ കേസ് എടുത്തിരുന്നില്ല. ഇതിനുശേഷം ഉന്നത റിസോർട്ടുകാരുടെയും ഹോംസ്‌റ്റേ നടത്തിപ്പുകാരുടെയും ഇടപെടലുകൾ ഉണ്ടായതോടെ പൊലീസ് ശക്തമായി നടപടി സ്വീകരിക്കുന്നില്ല. രാഷ്ട്രീയ സമ്മർദവും ഇത്തരം സംഭവങ്ങളിൽ ഉണ്ടാകുന്നു.