തൊടുപുഴ: മോട്ടോർ വാഹന വകുപ്പിൻറെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനെ ചൊല്ലി പ്രദേശവാസികളും മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി തർക്കം. മോട്ടോർ വാഹന വകുപ്പിൻറെ അധീനതയിലുള്ള കോലാനി അമരംകാവിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൻറെ ഒരുഭാഗം പ്രദേശവാസികളായ ചിലർ കളിസ്ഥലമെന്ന് അവകാശപ്പെട്ട് വല കെട്ടിയത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനെത്തിയ നൂറുകണക്കിന് അപേക്ഷകർ തിരികെ മടങ്ങിയതായി പരാതി.
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം.വി.ഐ.പി) അധികൃതർ മോട്ടോർവാഹന വകുപ്പിന് വർഷങ്ങൾക്കുമുമ്പ് കൈമാറിയ 22.98 സെൻറ് സ്ഥലത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിനായി രേഖാമൂലമാണ് എം.വി.ഐ.പി സ്ഥലം വിട്ടുനൽകിയത്. സ്ഥലം മറ്റാവശ്യങ്ങൾക്ക് വിട്ടുനൽകാൻ പാടില്ലെന്നും സംരക്ഷണഭിത്തി നിർമിക്കണമെന്നും എം.വി.ഐ.പി നിർദേശിച്ചിരുന്നു. എന്നാൽ, ഇവിടം തങ്ങളുടെ വോളിബാൾ ഗ്രൗണ്ടാണെന്ന് അവകാശപ്പെട്ടാണ് പ്രദേശവാസികളായ യുവാക്കൾ സ്ഥലം വലകെട്ടിയടച്ചത്. കളിക്കായി ഇവിടെ നെറ്റും കെട്ടിയിരുന്നു.
എന്നാൽ, സ്ഥലം തങ്ങളുടെ അധീനതയിൽ തന്നെയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. വർഷങ്ങളായി ഇവിടെ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നടന്നുവരുന്നുണ്ട്. ടെസ്റ്റ് മുടങ്ങിയതോടെ ആർ.ടി.ഒ ആർ. രമണൻ, സിഐ വി.സി. വിഷ്ണുകുമാർ, നഗരസഭ അധികൃതർ എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.