തിരുവനന്തപുരം : നിർദിഷ്ട കോവളം–ബേക്കൽ ജലപാത സംബന്ധിച്ച സാമ്പത്തിക സർവേ തുടങ്ങി. ജലപാതയെ 13 സ്ട്രെച്ചുകളായിത്തിരിച്ചുള്ള സർവേയാണു നടത്തുക. ഇതിൽ തിരുവനന്തപുരം ആക്കുളം മുതൽ കൊല്ലം അഷ്ടമുടി വരെയും മലപ്പുറം മണ്ണിട്ടാമ്പാറ മുതൽ കല്ലായി വരെയുമുള്ള രണ്ടു സ്ട്രെച്ചുകളുടെ സർവേയ്ക്കാണു കരാർ നൽകിയത്. 6000 കോടിയുടെ ജലപാത പദ്ധതി വഴി സർക്കാരിന് ഏതെല്ലാം തരത്തിൽ സാമ്പത്തിക വരുമാനമുണ്ടാക്കാനാകുമെന്നാണു പഠിക്കുന്നത്. ഗതാഗത സംവിധാനത്തിനൊപ്പം സാമ്പത്തിക ഇടനാഴിയാക്കി മാറ്റുകയാണു ലക്ഷ്യം.
പ്രധാനമായി ടൂറിസം വരുമാനം കേന്ദ്രീകരിച്ചു പഠനം നടത്താനാണു നിർദേശം. നാലു മാസത്തിനകം സർവേ റിപ്പോർട്ട് ലഭിക്കും. 13 സ്ട്രെച്ചുകളുടെയും റിപ്പോർട്ട് ക്രോഡീകരിച്ചശേഷം ജലപാതയുടെ സാമ്പത്തിക മാസ്റ്റർ പ്ലാൻ തയാറാക്കും.