ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യം ശരിവച്ചു കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളത്തിന്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നടന്നത് (ഡിസംബർ, ജനുവരി, ഫെബ്രുവരി) ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 മെയ് 25 മുതൽ 2022 ഫെബ്രുവരി 21 വരെയുള്ള കണക്കുകൾ പ്രകാരം 50 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ഏറ്റവുമധികം കൊലപാതകം നടന്ന ജില്ല കണ്ണൂരാണ്. പതിനൊന്ന് കൊലപാതകങ്ങളാണ് കണ്ണൂരിൽ മാത്രം നടന്നത്. തൊട്ടുപിന്നിൽ തൃശൂർ ആണ്. ഇവിടെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായത് എട്ട് യുവാക്കളാണ്.
ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്‌പെഷ്യൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇപ്പോൾ മുഖ്യമന്ത്രിയുടെ തട്ടകത്തിൽ വെച്ച് സിപിഎം പ്രവർത്തകൻ അതി ക്രൂരമായി കൊല്ലപ്പെടുമ്പോഴും ആഭ്യന്തര വകുപ്പാണ് വിമർശനം കേൾക്കുന്നത്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ വർഷം മാത്രം 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്.
ഇക്കാലയളവിൽ 19 ആർഎസ്എസ് / ബിജെപി പ്രവർത്തകരും 14 സിപിഎം/ ഡിവൈഎഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-4, മുസ്സിം ലീഗ്/ യൂത്ത് ലീഗ്- 6, എസ്.ഡി.പി.ഐ- 2, ഐ.എൻ.ടി.യു.സി.- 1, ഐ.എൻ.എൽ.- 1, ട്വന്റി 20-1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്. എറണാകുളം മഹാരാജാസ് കോളജിൽ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ എം നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പുറമെ മറ്റു നിരവധി കൊലപാതകങ്ങൾ വേറെയും സംസ്ഥാനത്ത് നടക്കുന്നുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്ന ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുന്നേയാണ് ഇന്ന് തലശേരിയിലെ സിപിഎം പ്രവർത്തകന്റെ
കൊലപാതക വാർത്ത കേട്ടത്. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങവെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ വീടിനു മുന്നിൽവച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ ഹരിദാസിനെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഏഴു പേർ കസ്റ്റഡിയിലാണ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആർ. ഇളങ്കോ അറിയിച്ചു. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ട്വന്റി20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി സി.കെ. ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ കൊലപാതകം. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപു എന്ന ചെറുപ്പക്കാരൻ ആക്രമിക്കപ്പെട്ടത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററായ സാബു എം. ജേക്കബിന്റെ ആരോപണം. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികള്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എ.യുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാംപ്രതി എം.എല്‍.എ.യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, ദീപുവിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദര്‍ശന്റെ പ്രതികരണം. ദീപുവിന്റെ മരണത്തില്‍ ട്വന്റി 20 നാടകം കളിക്കുകയാണെന്നും താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ഉന്നയിച്ച ആരോപണങ്ങളെല്ലാം സി.പി.എം. തള്ളിക്കളയുകയും ചെയ്തു.
രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയസംഭവമല്ല. ആളുകളും ഇരകളും മാറുന്നുവെന്ന് മാത്രം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കണ്ണൂരില്‍ രാഷ്ട്രീയഎതിരാളികളെ കൊന്നുതള്ളിയ സംഭവങ്ങളെല്ലാം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പക്ഷേ പലകേസുകളിലും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. ഓരോ രാഷ്ട്രീയനേതൃത്വവും അവരെ രക്ഷിച്ചെടുത്ത് വീണ്ടും കൊലപാതകങ്ങളുടെ എണ്ണം കൂട്ടുകയാണ്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ചില ഇരകളുണ്ട്. അവരെ കേരളം മറന്നു കാണില്ല. ഡിവൈഎഫ്ഐ വെമ്പായം തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുപ്പതുകാരന്‍ മിഥിലാജ്, ഡിവൈഎഫ്ഐ പേരുമല കലുങ്കിന്‍മുഖം യൂണിറ്റ് സെക്രട്ടറി ഇരുപത്തിനാലുകാരന്‍ ഹഖ്മുഹമ്മദ് എന്നിവരെ അത്രപെട്ടെന്ന് കേരളം മറക്കില്ല.
തിരുവോണനാളിന്റെ തലേന്ന് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി ബൈക്കില്‍ യാത്ര തുടങ്ങിയതായിരുന്നു മിഥിലാജും ഹക്ക് മുഹമ്മദും. വീട്ടില്‍ കാത്തിരിക്കുന്ന കുടുംബത്തിന്റെ അടുത്തേക്കുള്ള യാത്ര ആയിരുന്നു അത്. ബൈക്ക് തലയില്‍ റോഡിലെത്തിയപ്പോള്‍ കാത്തിരുന്ന അക്രമിസംഘം ഇരുവരേയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹീനാണ് ആക്രമണവിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഇടനെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മിഥിലാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വെഞ്ഞാറമൂട്ടിലെ സ്വകാര്യആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഹഖും മരണത്തിന് കീഴടങ്ങി. തിരുവോണനാളില്‍ വെള്ളത്തുണ്ണിയില്‍ പൊതിഞ്ഞാണ് ഇരുവരും അവസാനമായി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് പോയത്.
ഇതിനിടെ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതോടെ ഏകപക്ഷീയ ആക്രമണമാണോ എന്ന സംശയം ഉയര്‍ന്നു. വാളുകളുമായി രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായി പിന്നീടുള്ള അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസില്‍ ഷഹീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു പൊലീസിന്‍റെ പിന്നീടുള്ള അന്വേഷണം. ഏഴുപേരെ രാവിലെ തന്നെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും മുന്‍പരിചയം ഉണ്ടെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു പറഞ്ഞു. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പൊലീസ് എഫ്.ഐ.ആറില്‍ കുറിച്ചു. ഇരുവരെയും കൊല്ലണമെന്ന ഉദേശത്തോടെ ആസൂത്രണം ചെയ്ത് ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തീർന്നില്ല രാഷ്ട്രീയ കൊലപാതകത്തിലെ ഇരകളുടെ പേരുകൾ. നമ്മൾ മറക്കാത്ത കുറെ മുഖങ്ങളുണ്ട് ഇതിൽ. രഞ്ജിത്ത് ശ്രീനിവാസൻ, അഡ്വ. കെ.എസ്. ഷാൻ, സന്ദീപ്, സഞ്ജിത്, അഭിമന്യു, നന്ദു ആർ. കൃഷ്ണ, മൻസൂർ പാറാൽ, നിധിൽ, മണിലാൽ, ഇസ്ഹാഖ്, നൗഷാദ്, പ്രവീൺ രാജ്, എസ്.പി. ഷുഹൈബ്, ശരത് ലാൽ, കൃപേഷ് കൃഷ്ണൻ… ഇങ്ങനെ നിരവധി പേരുണ്ട് രാഷ്ട്രീയ കൊലക്ക് ഇരയായവർ. കൊലയുടെ കാരണങ്ങള്‍ എന്തുമാകാം, കുറ്റവാളികള്‍ ആരുമാകാം, പക്ഷേ എല്ലായിടത്തും ഇരകള്‍ അവരുടെ കുടുംബമാണ്. അച്ഛനും അമ്മയും ഭാര്യയും കുട്ടികളും എല്ലാം ആണ് ഇരകൾ. രാഷ്ട്രീയകൊലപാതകം ഇനി ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച് ഈ കുടുംബങ്ങൾ പറയുമ്പോഴും, ആരും അത് കേള്‍ക്കുന്നില്ല. സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൊലപാതക പരമ്പരകൾ തുടരുകയാണ്. ഒരു മനസാക്ഷിക്കും തടയാന്‍ കഴിയില്ല രാഷ്ട്രീയകൊലയെന്ന് പൊതുജനത്തെ വെല്ലുവിളിക്കുകയാണ് ഇത്തരക്കാർ. എന്തു കാരണം കൊണ്ടാണെങ്കിലും ആര്‍ക്കുവേണ്ടി ചെയ്തതാണെങ്കിലും കൊലനടത്തിയവര്‍ എന്നും കുറ്റവാളികള്‍ തന്നെയാണ്. അവരെ രക്ഷിച്ചെടുക്കാന്‍ കാണിക്കുന്ന പതിവുനീക്കം രാഷ്ട്രീയനേതൃത്വം ഇനിയും കാണിക്കരുത് എന്ന അപേക്ഷ മാത്രമേ ഇത്തരക്കാരോട് പറയാനൊള്ളൂ.