മുസാഫർപൂർ: 55കാരൻ്റെ വന്‍കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് നീക്കം ചെയ്തു. കഠിനമായ വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുസാഫർപൂരിലെ മധിപ്പൂരുള്ള ആശുപത്രിയിലാണ് സംഭവം. ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. പക്ഷേ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കുടിക്കുന്നതിനിടയില്‍ ഗ്ലാസ് വിഴുങ്ങിപ്പോയെന്നാണ് രോഗി പറഞ്ഞത്. എന്നാല്‍ ഇത് അപ്രായോഗികമാണ്. മനുഷ്യൻ്റെ അന്നനാളിക്ക് ഇത്ര വലിയ വസ്തു കടന്നുപോകാനുള്ള വലിപ്പം ഇല്ല, ഡോക്ടര്‍മാര്‍ പറഞ്ഞു.
















