ദുബായ് : കാഴ്ചകളുടെ ‘ത്രിലോകം’ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ നാളെ തുറക്കും. സന്ദർശകരെ കാത്തിരിക്കുന്നത് ഭൂതകാലവും ഭാവിയും വർത്തമാനവും ഒരുമിക്കുന്ന അദ്ഭുത ലോകം. എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപമാണ് പരമ്പരാഗത-ആധുനിക വാസ്തുശിൽപ വിദ്യകൾ ഒരുമിക്കുന്ന മ്യൂസിയം.ലോകത്ത് ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിലൊന്ന്. സ്വദേശി കലാകാരൻ മത്തർ ബിൻ ലഹെജ് രൂപകൽപന ചെയ്ത 14,000 മീറ്റർ അറബിക് കലിഗ്രഫി കാണാം.30,000 ചതുരശ്ര മീറ്റർ വിസ്തീർണം, 77 മീറ്റർ ഉയരം. പരിസരത്ത് നൂറിനം മരങ്ങൾ, ചെടികൾ.എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് 212 മീറ്റർ നീളമുള്ള പാലം.പ്രവേശന നിരക്ക് 145 ദിർഹം. 3 വയസ്സിൽ താഴെയുള്ള കുട്ടികൾ, 60 കഴിഞ്ഞവർ എന്നിവർക്കു പുറമേ നിശ്ചയദാർഢ്യ വിഭാഗക്കാർക്കും ഒപ്പമുള്ളയാൾക്കും സൗജന്യം. സൈറ്റ്: www.motf.ae.