റാസൽ ഖൈമ : എമിറേറ്റിൽ കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാത്ത 1149 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി നഗരസഭാ അധികൃതർ. വിവിധ മേഖലകളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത്.
എണ്ണായിരത്തിലധികം പരിശോധനകൾ ഇതിനകം പൂർത്തിയാക്കിയതായി നഗരസഭയിലെ പൊതു ആരോഗ്യ വകുപ്പ് മേധാവി ശീമാ അൽ തുനൈജി അറിയിച്ചു. ഇതിനിടെയാണ് ഇത്രയും സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. മൃഗസംരക്ഷണ മേഖലയിൽ നിന്ന് മാത്രം 407 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി.
മാസ്ക്ക് ധരിക്കാതെ 5 ഭക്ഷ്യസ്ഥാപനങ്ങളിലായി 472 തൊഴിലാളികൾ ജോലി ചെയ്യുന്നതും പരിശോധകളിൽ കണ്ടെത്തിയതായി ശീമാ വെളിപ്പെടുത്തി. മാസ്ക്കില്ലാതെ ജോലി ചെയ്യുന്നതു രോഗവ്യാപനത്തിനു പ്രധാന കാരണമാകുമെന്ന കാര്യവും അവർ സൂചിപ്പിച്ചു.
ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയ ഒരു കോഫി ഷോപ്പും ലോൻട്രിയും അടപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിയതിനാൽ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് ശീമാ അൽ തുനൈജി മുന്നറിയിപ്പ് നൽകി.