എടത്വാ: തലവടി പഞ്ചായത്തിലെ (Thalavady Panchayath) വിവിധ പ്രദേശങ്ങളിൽ നായ്ക്കുട്ടികൾക്ക്(Dogs) പുറമേ പൂച്ചകളും (Cats) കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വൈറസ് ബാധ (Virus) കാരണമാണ് നായ്ക്കളും പൂച്ചകളും ചാകുന്നതെന്നാണ് സംശയം. രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം കറങ്ങി വീണാണ് ചാകുന്നത്. പൂച്ചയുടെ വായിലൂടെയും വിസർജ്ജന ദ്വാരത്തിലൂടെയും രക്തം വാർന്നു പോകുന്നുണ്ട്. കഴിഞ്ഞ ദിവസം തലവടി മുണ്ടകത്തിൽ പറമ്പിൽ സഹദേവന്റെ രണ്ട് വളർത്തു പൂച്ചകൾ ചത്തിരുന്നു. സമീപ സ്ഥലങ്ങളിലും പൂച്ചകൾ ചത്തൊടുങ്ങുന്നുണ്ട്. പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വിവരം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് മുഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
സമാന രീതിയിൽ കഴിഞ്ഞ ആഴ്ച നായ്ക്കളും ചത്തൊടുങ്ങിയിരുന്നു. ലാബ്, പോമറേനിയൻ, മിനിയേച്ചർ, ഇനത്തിൽപെട്ട വളർത്തു നാ യ്ക്കളാണ് രോഗം ബാധിച്ചു ചത്തത്. തലവടി പഞ്ചായത്തിൽ ഇതുവരെ ആറിലേറെ നായകുട്ടികൾ ചത്തിട്ടുണ്ട്. തലവടി പതിനൊന്നാം വാർഡ് സുധീന്ദ്രൻ കൈലാത്തുപറമ്പ്, സജീവൻ തുണ്ടിപ്പറമ്പ്, പ്രസാദ് നെടുങ്ങാട്ട്, കൊച്ചമ്മനം കൊച്ചുപുരയിൽ നെൽസൺ എന്നിവരുടെ 6 മാസത്തിൽ താഴെ പ്രായമുള്ളയും നായ്ക്കുട്ടികളാണ് ചത്തത്. ചില വീടുകളിലെ നായ്ക്കുട്ടികൾ രോഗം മൂർശ്ശിച്ച് ചികിത്സയിലാണ്. തെരുവ് നായ്ക്കളും പൂച്ചകളും ചാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.