വെള്ളനാട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തൻവീട്ടിൽ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. കഴിഞ്ഞ 11-ന് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16-ന് ആര്യയെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി.യിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആൺകുഞ്ഞിന് ആര്യ ജന്മം നൽകിയെങ്കിലും ആരോഗ്യനില വഷളായി.
തുടർന്ന് 18-ന് രാവിലെ മെഡിക്കൽ കോളേജിലെ മൾട്ടിസ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് മരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യ മരിക്കാൻ കാരണമെന്ന് ഭർത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു. എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്നാണ് എസ്.എ.ടി.യിലേക്ക് ആര്യയെ റഫർ ചെയ്തതെന്നും ആര്യയെ ചികിത്സിച്ച നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.