ദുബായ്: വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.
കരാമയിൽപോലും 80,000 ദിർഹം വാർഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ഷാർജയിൽ നിന്നും മറ്റും കൂടുതൽ കുടുംബങ്ങൾ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.
ഈ വർഷവും ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയർന്നിട്ടുണ്ട്.ട 2012ലെ ഉയർന്ന നിലയിലേക്കു വാടക കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ദയ്റ, ഡിസ്കവറി ഗാർഡൻസ്, ഇന്റർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ഒരു മുറി അപാർട്മെന്റുകളുടെ വാടക കുറഞ്ഞിട്ടുമുണ്ടെന്ന് ഈ മേഖലയിലെ ആസ്റ്റെകോയുടെ കണക്കുകളും തെളിയിക്കുന്നു.