സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ ജോലി. അതും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് ചുമതലയേറ്റെടുത്ത കാര്യം കഴിഞ്ഞ ദിവസം എന്‍.ജി.ഒയിലെ അംഗങ്ങളെ അറിയിച്ചിരുന്നു. സ്വപ്നയുടെ വിവരങ്ങൾ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈറേൻജ് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി എന്നാണ് ഇതിന്റെ മുഴുവൻ പേര്. ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ്. നിലവിൽ അട്ടപ്പാടിയിൽ വീടുകൾ നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് ഇവർ. കോർപ്പറേറ്റ് ഓഫീസ് ഡൽഹിയിലാണെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുൾപ്പടെ പാലക്കാട് പ്രവർത്തിക്കുന്നു. തൊടുപുഴയിലും പ്രൊജക്ട് ഓഫീസ് പ്രവർത്തിച്ചുവരുന്നു. ഇതിന് പുറമെ, രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
സ്വപ്ന സുരേഷിന് ജോലി നൽകിയതോടെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് എച്ച്.ആർ.ഡി.എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ആര്‍.എസ്.എസ് അനുകൂല സംഘടനയില്‍ ജോലി ലഭിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് സ്വപ്‌ന സുരേഷിനെ നിയന്ത്രിക്കുകയാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. എച്ച്.ആര്‍.ഡി.എസ് എന്ന സ്ഥാപനത്തിന്റെ രാഷ്ട്രീയമെന്ത് എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ആർ.എസ്.എസ്. അനുകൂല സംഘടനയാണെന്ന് ഇടതുപക്ഷം പറയുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടിയുമായും ഒരു ബന്ധവുമില്ലെന്ന് എച്ച്.ആർ.ഡി.എസ്. പറയുന്നു.
1995ലാണ് എച്ച്.ആർ.ഡി.എസ്.ൻ്റെ തുടക്കമെങ്കിലും, 1997ലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ഇടുക്കി കട്ടപ്പനയിലാണ് എൻ.ജി.ഒയുടെ രജിസ്ട്രേഷൻ നടന്നത്. തൊടുപുഴ സ്വദേശി അജി കൃഷ്ണൻ, സഹോദരൻ ബിജു കൃഷ്ണൻ, അഡ്വ. സിറിയക് ജേക്കബ്, ഡോ. രഘുനാഥ്, നാരായണൻ നായർ, വ്യാപാരി ഏകോപന സമിതി വൈസ് പ്രസിഡണ്ടായിരുന്ന മാരിയിൽ കൃഷ്ണൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇത് രൂപീകരിക്കുന്നത്.
ഇടുക്കിയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അഡ്വ. സിറിയക് ജേക്കബ് സംഘടനയുടെ പ്രസിഡണ്ടായും അജി കൃഷ്ണ സെക്രട്ടറിയായും സംഘടനയുടെ പ്രവർത്തനം തുടങ്ങി. നിലവിൽ സ്വാമി ആത്മ നമ്പിയാണ് പ്രസിഡണ്ട്. അജി കൃഷ്ണ സെക്രട്ടറിയായി തുടരുന്നു. 2017 മുതൽ നാലര വർഷത്തോളം മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ഡോ. എസ്. കൃഷ്ണകുമാർ സംഘടനയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ അട്ടപ്പാടി കേന്ദ്രീകരിച്ചാണ് എച്ച്.ആർ.ഡി.എസിൻ്റെ പ്രധാന പ്രവർത്തനം. ഇവിടെ ആദിവാസി കുടുംബങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതിയും കാർഷിക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇടുക്കിയിലും പ്രവർത്തനങ്ങൾ തുടരുന്നു.
സ്ഥാപനത്തിലെ അംഗങ്ങളെ കുറിച്ച്;
അജി കൃഷ്ണൻ
എച്ച്.ആർ.ഡി.എസ്. സ്ഥാപക സെക്രട്ടറിയായി പ്രവർത്തിക്കുന്ന അജി കൃഷ്ണൻ നിലവിൽ ബിജെപിയിൽ അംഗത്വമുള്ളയാളാണ്. മറ്റു ഭാരവാഹിത്വങ്ങളൊന്നുമില്ല. ആദ്യകാലത്ത് സി.പി.എമ്മുമായും എസ്.എഫ്.ഐയുമായും അടുത്ത് പ്രവർത്തിച്ചയാളാണ് അജി കൃഷ്ണ. എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മറ്റിയംഗമായും സ്റ്റുഡൻ്റ് മാഗസിൻ്റെ എഡിറ്ററായും അജി കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. മുൻ എം.എൽ.എ. ജയിംസ് മാത്യു എന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് അജി കൃഷ്ണ സംസ്ഥാന കമ്മറ്റിയിൽ ഉണ്ടായിരുന്നത്. ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയപ്പോൾ അജി കൃഷ്ണയും സി.പി.എം. വിട്ടു.
കെ.ജി. വേണുഗോപാൽ
എച്ച്.ആർ.ഡി.എസ്. വൈസ് പ്രസിഡണ്ട് കെ.ജി. വേണുഗോപാൽ ആർ.എസ്.എസ്. പ്രചാരകനായിരുന്നു. എ.ബി.വി.പിയുടെ സംഘടനാ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആര്‍.എസ്.എസ് ചുമതലകളൊന്നുമില്ല.
ബിജു കൃഷ്ണൻ
എച്ച്.ആർ.ഡി.എസ്. പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ സെക്രട്ടറി അജി കൃഷ്ണൻ്റെ സഹോദരനാണ്. ആർഎസ്എസിൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന സഹകാർ ഭാരതിയുടെ ഇടുക്കി ജില്ലാ പ്രസിഡണ്ടാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്നും ബിഡിജെഎസ് സ്ഥാനാർത്ഥിയായി എൻഡിഎയ്ക്കു വേണ്ടി മത്സരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. ഇടുക്കി ജില്ലാ പ്രസിഡണ്ടായും സി.പി.എം. ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഗൗരിയമ്മയെ പുറത്താക്കിയതോടെ പാർട്ടി വിട്ടു. ജെഎസ്എസ് സ്ഥാനാർഥി എന്ന നിലയിൽ ജില്ലാപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
ജോയ് മാത്യു
എച്ച്.ആർ.ഡി.എസ്. പ്രൊജക്ട് കോ- ഓർഡിറ്ററായി പ്രവർത്തിക്കുന്ന ജോയ് മാത്യുവിന് നിലവിൽ ഒരു രാഷ്ട്രീയ പാർട്ടികളുമായും ബന്ധമൊന്നുമില്ല. മുൻപ് സി.പി.എം. മേലുകാവ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. എസ്എഫ്ഐയിലും സജീവമായിരുന്നു.
എസ്. കൃഷ്ണകുമാർ
മുൻ പ്രസിഡണ്ടായിരുന്ന ഡോ. എസ്. കൃഷ്ണകുമാർ കോൺഗ്രസിന്റെ കേന്ദ്രമന്ത്രിയായിരുന്നു. ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ്. നിലവിലെ എച്ച്.ആർ.ഡി.എസ്. നേതൃത്വവുമായി ഇദ്ദേഹം ഇടഞ്ഞുനിൽക്കുകയാണ്. ഇതിന് പുറമേ മറ്റു സ്ഥാനങ്ങളിൽ പ്രവർത്തിയ്ക്കുന്ന ആളുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെല്ലാമുണ്ട്. എല്ലാ രാഷ്ട്രീയ- മത വിഭാഗത്തിൽപ്പെട്ടവരും എച്ച്.ആർ.ഡി.എസിൽ പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ദുരൂഹതകള്‍ നിറഞ്ഞ ഒന്നാണ് എച്ച്.ആര്‍.ഡി.എസ്. പല തരത്തിലുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയരുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ നിയമവിരുദ്ധമായി പാട്ടക്കരാര്‍ ഉണ്ടാക്കുകയും അനധികൃത വീട് നിര്‍മ്മാണം നടത്തുകയും ചെയ്യുന്ന എന്‍.ജി.ഒയെക്കുറിച്ചുള്ള വാര്‍ത്ത 2019 ൽ ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ റിപ്പോർട്ടിലുണ്ടായിരുന്നത്. ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി 5000 ഏക്കറിലാണ് പാട്ടകൃഷി നടത്താന്‍ ലക്ഷ്യമിട്ടത്. അഞ്ച് വര്‍ഷത്തേക്കുള്ള കരാറെന്ന് ആദിവാസികളെ വിശ്വസിപ്പിച്ച് 35 കൊല്ലത്തേക്കുള്ള കരാറിലാണ് ഇവരെക്കൊണ്ട് ഒപ്പുവെപ്പിച്ചതെന്ന് ഐ.ടി.ഡി.പി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു എച്ച്.ആര്‍.ഡി.എസ് അട്ടപ്പാടിയിലെത്തുന്നത്.
പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ അനുമതി വാങ്ങാതെയായിരുന്നു ആദിവാസി ഭൂമിയില്‍ എച്ച്.ആര്‍.ഡി.എസ് വീടുകള്‍ നിര്‍മ്മിച്ചത്. ആദിവാസി ഭൂമിയില്‍ ഏതുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സബ് കളക്ടറുടെ അനുമതി വാങ്ങണം. അതും പാലിച്ചിരുന്നില്ല. വീടുകള്‍ കെട്ടുറപ്പില്ലാത്തതാണെന്നും പരാതി ഉയര്‍ന്നു. ഫൈബര്‍ ഷീറ്റുകളായിരുന്നു വീടുകള്‍ നിര്‍മ്മിച്ചത്. ആനയുടെ ആക്രമണമുള്ള പ്രദേശങ്ങളില്‍ ഇത്തരം വീടുകള്‍ സുരക്ഷിതമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. സദ്ഗൃഹ പദ്ധതിക്കായി കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിദേശസഹായവും വിനിയോഗിച്ചിട്ടുണ്ടെന്നാണ് എച്ച്.ആര്‍.ഡി.എസ് പറയുന്നത്.
മോദി നല്‍കുന്ന വീടുകളാണെന്നായിരുന്നു എച്ച്.ആര്‍.ഡി.എസ് ആദിവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രാദേശിക ബി.ജെ.പി നേതൃത്വമാണ് വീട് നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും ആരോപണം ഉയർന്നു. 500 ഓളം വീടുകള്‍ നിര്‍മ്മിച്ചതായി ഇവർ അവകാശപ്പെട്ടു. എന്നാൽ പല വീടുകളിലും ആള്‍താമസമില്ല. പലതും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തതിന്റെ പേരിലും എച്ച്.ആര്‍.ഡി.എസ് വിവാദത്തില്‍പ്പെട്ടു. മരുന്ന് വിതരണം ചെയ്ത കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എച്ച്.ആര്‍.ഡി.എസ് ശേഖരിച്ചു. ഇത് വിവാദമായതോടെ ഒറ്റപ്പാലം സബ്കളക്ടറും പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ആരോഗ്യവകുപ്പ് ഇടപെട്ട് മരുന്ന് വിതരണം നിര്‍ത്തിവെപ്പിച്ചു.
ആദിവാസി വിഭാഗങ്ങളില്‍ നിന്ന് തന്നെ ഇവര്‍ക്കെതിരെ പല തരത്തിലുള്ള പരാതികളും ഉയർന്നിരുന്നു. ഈ സംഘടനയും സംവിധാനവും പാലക്കാട്ടും ഇടുക്കിയും വയനാട്ടിലും എന്താണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സുതാര്യമായ അന്വേഷണമാണ് ഇനി നടത്തേണ്ടത്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ആദിവാസി ഭൂമിയില്‍ നിയമവിരുദ്ധമായി ഇവര്‍ ചെയ്യുന്നതെന്താണെന്ന് കണ്ടുപിടിക്കുക തന്നെ വേണം.