ചെന്നൈ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജ ഈണം നല്‍കിയ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് നാലു സംഗീതവിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. ഈ കമ്പനികളുമായുണ്ടാക്കിയ കരാര്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങൾക്കാണ് വിലക്ക്. നേരത്തെ ഹർജി പരിഗണിച്ച ഏകാംഗ ബഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരേ ഇളയരാജ നൽകിയ ഹർജിയിലാണ് നടപടി. പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്.
ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു. ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഹർജി മാർച്ച് 21ന് വീണ്ടും പരിഗണിക്കും. തൻ്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷം മുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. അടുത്ത സുഹൃത്തായ എസ് പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണം വാങ്ങിയുള്ള പരിപാടികൾക്ക് തൻ്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നായിരുന്നു അന്ന് ഇളയരാജയുടെ ആവശ്യമുന്നയിച്ചത്.
















