ചെന്നൈ: തമിഴ്നാട്ടിലെ നഗരപ്രദേശങ്ങളിലേക്കുള്ള പ്രാദേശിക തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം പൊതുവെ കുറവാണ്. തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരം വിജയ് വോട്ട് ചെയ്യാനെത്തി. ഇന്ന് രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു.
താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് ദേശീയതലത്തില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം കാര്‍ ഒഴിവാക്കി സൈക്കിളിലെത്തിയതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു.
എന്നാല്‍, തിരക്കിലേക്ക് കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു താരത്തിൻ്റെ വിമര്‍ശനം. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന വിജയ് വോട്ട് ചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കുന്ന താരമാണ്. തമിഴ്നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.
ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിൻ്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാണ് ഡിഎംകെ വോട്ടുതേടുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.