അബൂദബി: 92 ശതമാനം വിദ്യാർഥികളും വാക്‌സിൻ സ്വീകരിച്ചതോടെ അബൂദബി മുസഫ മോഡൽ സ്‌കൂളിന് ബ്ലൂ ടെയർ സ്റ്റാറ്റസ് ലഭിച്ചു.
ഇതോടെ, ക്ലാസ്‌റൂമിന് പുറത്ത് മാസ്‌ക് ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പഠനം തുടരാമെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) പ്രഖ്യാപിച്ചു. 85 ശതമാനത്തിൽ കൂടുതൽ വാക്‌സിൻ സ്വീകരിച്ച കുട്ടികളുള്ള സ്‌കൂളുകളെ ബ്ലൂ ടെയർ സ്‌കൂളുകളായി അഡെക് അംഗീകരിക്കുന്നുണ്ട്.
ഇത്തരം സ്‌കൂളിലെ കുട്ടികൾക്ക് ക്ലാസിനു പുറത്തു സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ വേണ്ട. അവർക്ക് സ്‌കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വിനോദങ്ങളിലും കളികളിലും ഏർപ്പെടുന്നതിനോടൊപ്പം വിനോദയാത്രക്കുകൂടി അനുമതി ലഭിക്കും.
മോഡൽ സ്‌കൂളിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ അഡെക്കിൻറെ കസ്റ്റമർ എക്‌സ്പീരിയൻസ് ആൻഡ് സ്റ്റുഡൻറ് അഫയേഴ്‌സ് ഡയറക്ടർ സുലൈമാൻ അംരി മുഖ്യാതിഥിയായി.