നവ്യാ നായരും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഒരുത്തീ’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, അജു വര്‍ഗീസ്, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, തുടങ്ങിയ താരങ്ങള്‍ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’.
ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ എസ് ഐ ആന്‍റണി എന്ന പ്രാധാന്യമുള്ള കഥാപാത്രമായി വിനായകനും എത്തുന്നു. നിരവധി അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞ ആഖ്യാനമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് ട്രെയ്‍ലര്‍ പറയുന്നു. 2012ല്‍ പുറത്തെത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രമാണ് ഇതിനു മുന്‍പ് മലയാളത്തില്‍ നവ്യ നായരുടേതായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ദൃശ്യത്തിന്‍റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിലും ദൃശ്യത്തിന്‍റെ രണ്ടാംഭാഗത്തിന്റെ റീമേക്ക് ആയ ‘ദൃശ്യ 2’ലും നവ്യ അഭിനയിച്ചിരുന്നു.
‘ഒരുത്തി’ തിയറ്ററുകളിൽ എത്തുന്നതിന് മുമ്പു തന്നെ ചിത്രത്തിലെ പ്രകടനം നവ്യയ്ക്ക് പുരസ്കാരങ്ങള് നേടിക്കൊടുത്തിരുന്നു. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവയാണ് നവ്യയ്ക്ക് ലഭിച്ചത്. നവ്യയ്ക്കും വിനായകനുമൊപ്പം സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ഗോപി സുന്ദര്‍ ഒപ്പം തകര ബാന്‍റും, എഡിറ്റിംഗ് ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രതീഷ് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, വരികള്‍ ബി കെ ഹരിനാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, അബ്രു മനോജ്, സംഘട്ടനം ജോളി ബാസ്റ്റിന്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്‍, വിഎഫ്എക്സ് നിതിന്‍ റാം (പിക്റ്റോറിയല്‍), സൗണ്ട് മിക്സിംഗ് വിപിന്‍ നായര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍ (പൊയറ്റിക്), മാര്‍ക്കറ്റിംഗ്- കമ്യൂണിക്കേഷന്‍സ് സംഗീത, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് അജി മസ്കറ്റ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, ട്രെയ്ലര്‍ കട്ട് ഡോണ്‍മാക്സ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എസ് നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.