കോട്ടയം: സിനിമ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ‘ഈനാട് ഇന്നലെ വരെ’ എന്ന സിനിമയാണ് ആദ്യ സിനിമ.
വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം, തട്ടത്തിൻ മറയത്ത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.