മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ആകാശം പോലെ’ എന്ന തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. റഫീഖ് അഹമ്മദിൻ്റെതാണ് വരികള്‍. ഹംസിക അയ്യര്‍, കപില്‍ കപിലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് മൂന്നിന് തീയേറ്ററുകളില്‍ എത്തും.
പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘പറുദീസ’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.
സുഷിൻ ശ്യാം തന്നെയാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിൻ്റെ വരികൾ വിനായക് ശശികുമാർ ആയിരുന്നു തയ്യാറാക്കിയത്. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ. മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ‘ബിഗ് ബി’ പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു.